മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് രാത്രി എട്ടു മണിക്ക് തുടങ്ങേണ്ട രണ്ടാം ട്വന്റി-20 മത്സരം മാറ്റിവെച്ചു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് കാരണം. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്ത്യന്‍ ടീമംഗങ്ങള്‍ എല്ലാവരും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകുമെന്നും ബിസിസിഐ ട്വീറ്റില്‍ പറയുന്നു. മാറ്റിവെച്ച മത്സരം ബുധനാഴ്ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്‌.

രണ്ടാം ട്വന്റി-20യ്ക്ക് മുമ്പ് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ക്രുണാല്‍ പാണ്ഡ്യ പോസിറ്റീവ് ആയത്. ക്രുണാല്‍ പാണ്ഡ്യയുമായി ഇന്ത്യന്‍ ടീമിലെ എട്ട് അംഗങ്ങള്‍ അടുത്തിടപഴകിയതായി മെഡിക്കല്‍ ടീം കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം നേരത്തെ നിശ്ചയിച്ചപ്രകാരം മൂന്നാം ട്വന്റി-20 മത്സരം ജൂലൈ 29-ന് നടക്കും. ആദ്യ ട്വന്റി-20യില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു.

Content Highlights: Sri Lanka vs India: Krunal Pandya Tests Positive For Covid In Sri Lanka, 2nd T20I Postponed By A Day