ദാംബുല്ല:  ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. നാലുവിക്കറ്റിനാണ് സന്ദര്‍ശകര്‍ ആതിഥേയരെ തോല്‍പ്പിച്ചത്. ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക (2-0) മുന്നിലെത്തി. സ്‌കോര്‍: ശ്രീലങ്ക 50 ഓവറില്‍ എട്ടിന് 244; ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ ആറിന് 246.

245 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 43 പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. ക്വിന്റണ്‍ ഡി കോക്ക് (87), ഹാഷിം അംല (43), ഫാഫ് ഡുപ്ലെസി (49), ജെ.പി. ഡുമിനി (32) എന്നിവരുടെ ഇന്നിങ്സുകളാണ് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്. അംലയും ഡി കോക്കും ചേര്‍ന്ന് 91 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണുണ്ടാക്കിയത്. പിന്നീട് ഫാഫ് ഡുപ്ലെസിസുമായി ചേര്‍ന്ന് ഡി കോക്ക് 53 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ലങ്കന്‍ ബൗളിങ്ങില്‍ ധനഞ്ജയ മാത്രമാണ് തിളങ്ങിയത്. 10 ഓവറില്‍ 60 റണ്‍സ് വഴങ്ങി ധനഞ്ജയ മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കായി നിരോഷ് ഡിക്ക്വെല്ല (69), ഏയ്ഞ്ചലോ മാത്യൂസ് (79*) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു. നാലാം വിക്കറ്റില് ഇരുവരും 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാത്തി. എന്നാല്‍ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും 20 റണ്‍സിനപ്പുറം സ്‌കോര്‍ ചെയ്യാനായില്ല. 

മൂന്നാം ഏകദിനം കാന്‍ഡിയില്‍ ഞായാറാഴ്ച്ച നടക്കും. നേരത്തെ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ത്തിന് ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. 

Content Highlights: Sri Lanka v/s South Africa Quinton de Kock guides Proteas to four wicket win