ഗോള്‍: രംഗണ ഹെറാത്തിന് ടെസ്റ്റ് ക്രിക്കറ്റില്‍ തോല്‍വിയോടെ മടക്കം. ഹെറാത്തിന്റെ അവസാന മത്സരമായിരുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക 211 റണ്‍സിന് പരാജയപ്പെട്ടു. 462 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സിനിറങ്ങിയ ആതിഥേയര്‍ 250 റണ്‍സിന് എല്ലാവരും പുറത്തായി. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം. 

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇംഗ്ലണ്ട് വിദേശ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്നത്. 2016 ഒക്ടോബറില്‍ ബംഗ്ലാദേശിനെ 22 റണ്‍സിന് തോല്‍പിച്ച ശേഷം വിദേശ മണ്ണില്‍ വിജയിക്കാന്‍ ഇംഗ്ലീഷ് പടയ്ക്കായിട്ടില്ല. ഈ രണ്ടു വര്‍ഷത്തിനിടയില്‍ വിദേശത്ത് 13 ടെസ്റ്റ് മത്സരങ്ങളാണ് വിജയമറിയാതെ ഇംഗ്ലണ്ട് പൂര്‍ത്തിയാക്കിയത്.

സ്‌കോര്‍: ഇംഗ്ലണ്ട്- 342, ആറുവിക്കറ്റിന് 322 ഡിക്ലയേര്‍ഡ്, ശ്രീലങ്ക- 203, 250.

നാല്‍പതുകാരനായ ഹെറാത്തിന് ഗോളില്‍ അവസാന ടെസ്റ്റ് മത്സരമായിരുന്നു. പ്രിയവേദിയില്‍ 100 വിക്കറ്റെന്ന നേട്ടം പൂര്‍ത്തിയാക്കിയെങ്കിലും വിജയത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ ലങ്കന്‍ സ്പിന്നര്‍ക്ക് കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് നേടിയ താരം രണ്ടാമിന്നിങ്‌സില്‍ ആകെ അഞ്ച് റണ്‍സാണെടുത്തത്.

രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ മോയിന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 137 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഇംഗ്ലീഷ് താരത്തിന്റെ വിദേശ മണ്ണിലെ ഏറ്റവും മികച്ച ബൗളിങ്ങാണിത്. 

ആദ്യ ഇന്നിങ്‌സില്‍ 342 റണ്‍സടിച്ച ഇംഗ്ലണ്ടിനെതിരെ 203 റണ്‍സ് തിരിച്ചടിക്കാനേ ശ്രീലങ്കയ്ക്ക് കഴിഞ്ഞൂള്ളു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ സന്ദര്‍ശകര്‍ 139 റണ്‍സിന്റെ ലീഡ് നേടി. കീറ്റണ്‍ ജെന്നിങ്സിന്റെ സെഞ്ചുറി(146 നോട്ടൗട്ട്) മികവില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറു വിക്കറ്റിന് 322 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 

കൂറ്റന്‍ വിജയലക്ഷ്യവുമായി കളിച്ച ലങ്കയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 53 റണ്‍സടിച്ച എയ്ഞ്ചലോ മാത്യൂസും 45 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസുമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. വിജയത്തോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലെത്തി.

Content Highlights: Sri Lanka v England England complete 211-run win to end losing away run