കൊളംബോ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഈയിടെ അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം പങ്കെടുത്തിരുന്നു. അതിനുപിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

' പുതിയ തലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കേണ്ട സമയമായിരിക്കുന്നു. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.'- ഉദാന സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. 

ഉദാനയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് ശ്രീലങ്ക ക്രിക്കറ്റ് രംഗത്തെത്തി. ടീമിനെ സംബന്ധിച്ചിടത്തോളം ഉദാന വിലപ്പെട്ട താരമാണെന്നും ശ്രീലങ്ക ക്രിക്കറ്റ് അഭിപ്രായപ്പെട്ടു. 

ശ്രീലങ്കയ്ക്ക് വേണ്ടി 21 ഏകദിനങ്ങളും 35 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള ഉദാന രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നുമായി 45 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇടംകൈയ്യന്‍ പേസറായ ഉദാന ഇന്ത്യയ്‌ക്കെതിരേ ഈയിടെ അവസാനിച്ച ട്വന്റി 20 പരമ്പരയില്‍ കളിച്ചെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഏകദിന പരമ്പരയിലും താരം പങ്കെടുത്തു. 

33 വയസ്സുകാരനായ ഉദാന ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്. 

Content Highlights: Sri Lanka pacer Isuru Udana announces retirement from international cricket