ആന്റിഗ്വ: ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും സമനിലയിലായി. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.

രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 354 റണ്‍സെടുത്തു. 126 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്​വെയ്റ്റും 72 റണ്‍സെടുത്ത റക്കീം കോണ്‍വാളും ടീമിനായി തിളങ്ങി. ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ നാല് വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 258 റണ്‍സിന് പുറത്തായി. 55 റണ്‍സെടുത്ത ലാഹിരു തിരിമന്നെയും 51 റണ്‍സ് നേടിയ നിസ്സന്‍കയും ടീമിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വിന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ 96 റണ്‍സിന്റെ ലീഡ് നേടിയ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 280 ന് നാല് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സിലും 85 റണ്‍സെടുത്ത് ബ്രാത്ത്വെയ്റ്റ് തിളങ്ങി. 

ശ്രീലങ്കയ്ക്ക് 376 റണ്‍സായിരുന്നു വിജയലക്ഷ്യം. എന്നാല്‍ സമനിലയ്ക്കായി ബാറ്റ് ചെയ്ത ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ഇതോടെ മത്സരം സമനിലയിലായി. രണ്ടാം ഇന്നിങ്‌സില്‍ ദിമുത് കരുണരത്‌നെ 75 റണ്‍സും ഫെര്‍ണാണ്ടോ 66 റണ്‍സുമെടുത്തു. 

വിന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത്ത്​വെയ്റ്റ് മത്സരത്തിലെ താരമായും ശ്രീലങ്കയുടെ സുരംഗ ലക്മല്‍ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Sri Lanka grind out final-day draw against West Indies, series ends in a stalemate