ഗലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് 164 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് വെറും 132 റണ്‍സിന് ഓള്‍ ഔട്ടായി. 

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ശ്രീലങ്ക സ്വന്തമാക്കി. സ്‌കോര്‍: ശ്രീലങ്ക: 204, 345 ന് ഒന്‍പത്, വെസ്റ്റ് ഇന്‍ഡീസ്: 253, 132. ആദ്യ ഇന്നിങ്‌സില്‍ ലീഡെടുത്തിട്ടും വിന്‍ഡീസിന് വിജയം നേടാനായില്ല. 

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ വെറും 204 റണ്‍സിന് ഓള്‍ ഔട്ടായി. 73 റണ്‍സെടുത്ത പതും നിസ്സംഗ മാത്രമാണ് ലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 72 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്ത്വെയ്റ്റിന്റെ മികവില്‍ 253 റണ്‍സെടുത്തു. 

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസ് തകര്‍ന്നു. 155 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 345 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയും വിന്‍ഡീസിന് മുന്നില്‍ 297 റണ്‍സ് വിജയലക്ഷ്യം വെയ്ക്കുകയും ചെയ്തു. എന്നാല്‍ ശ്രീലങ്കന്‍ ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു. വെറും 132 റണ്‍സിന് ടീം ഓള്‍ ഔട്ടായി. 

രണ്ടിന്നിങ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ രമേശ് മെന്‍ഡിസാണ് വിന്‍ഡീസിനെ തകര്‍ത്തത്. രമേശാണ് പരമ്പരയുടെ താരം. മത്സരത്തിലെ താരമായി ധനഞ്ജയ ഡി സില്‍വ തിരഞ്ഞെടുക്കപ്പെട്ടു. 

Content Highlights: Sri Lanka defeat Windies in 2nd Test, clinch series 2-0