കൊളംബോ: ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 

32-കാരനായ താരം തിങ്കളാഴ്ചയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്ന് കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബംഗ്ലാദേശ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ സെലക്ടര്‍മാര്‍ വ്യാഴാഴ്ച യോഗം ചേരാനിരിക്കെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2017-ല്‍ ശ്രീലങ്കയെ മൂന്ന് ഏകദിനങ്ങളില്‍ നയിച്ചിട്ടുണ്ട്. 

ശ്രീലങ്കയ്ക്കായി ആറു ടെസ്റ്റുകളും 166 ഏകദിനങ്ങളും 84 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 2338 റണ്‍സും 175 വിക്കറ്റും നേടിയ താരം ട്വന്റി 20-യില്‍ 1204 റണ്‍സും 51 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 

2012-ലായിരുന്നു അവസാന ടെസ്റ്റ് മത്സരം. പിന്നീട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലങ്കന്‍ ടീമിലെ സ്ഥിരാംഗമായിരുന്നു. 2014-ല്‍ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കിരീടം നേടിയ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു.

Content Highlights: Sri Lanka allrounder Thisara Perera retires from international cricket