ബെംഗളൂരു: 'അതാ പന്ത് വായുവിൽ, അത് ശ്രീശാന്തിന്റെ കൈയിലേക്ക്. ഇന്ത്യക്ക് വിജയം' കമന്ററി ബോക്സിൽ നിന്ന് രവി ശാസ്ത്രിയുടെ ആ ശബ്ദം ഇന്നും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ ചെവിയിൽ മുഴങ്ങുന്നുണ്ട്. 1983-ന് ശേഷം ഇന്ത്യ നേടുന്ന ഒരു ക്രിക്കറ്റ് ലോകകപ്പ് മാത്രമല്ല, 2007 ഏകദിന ലോകകപ്പിലുണ്ടായ നാണക്കേടിൽ നിന്നുള്ള മോചനം കൂടിയായിരുന്നു ആ കിരീടം. ട്വന്റി-20 ലോകകപ്പിന് ഇതിലും മികച്ചൊരു തുടക്കവും കിട്ടാനില്ല.

ഒരു വിക്കറ്റ് ശേഷിക്കെ പാകിസ്താന് കിരീടത്തിനായി നാല് പന്തിൽ ആറു റൺസ് വേണമായിരുന്നു. ജോഗീന്ദർ ശർമയുടെ ഒരു സ്ലോ പന്തിൽ സ്കൂപിന് ശ്രമിച്ച മിസ്ബാഹുൽ ഹഖിന് പിഴച്ചു. പന്ത് ശ്രീശാന്തിന്റെ കൈയിലെത്തി. തലകുനിച്ച് സങ്കടത്തോടെ മിസ്ബാഹുൽ ക്രീസിലിരുന്നു. പാകിസ്താനെ അഞ്ചു റൺസിന് തോൽപ്പിച്ച ഇന്ത്യ വിജയാഘോഷം തുടങ്ങി.

അന്നത്തെ ശ്രീശാന്തിന്റെ ആ ക്യാച്ചിനെ കുറിച്ച് സംസാരിക്കുകയാണ് ടീമംഗമായ റോബിൻ ഉത്തപ്പ. ബിബിയുടെ പോഡ്കാസ്റ്റിലായിരുന്നു ഉത്തപ്പ ഓർമകൾ പങ്കുവെച്ചത്. 'ആ ഓവർ തുടങ്ങുമ്പോൾ ഞാൻ ലോങ് ഓണിലായിരുന്നു. ആദ്യ പന്ത് ജോഗി വൈഡ് എറിയുന്നതു കണ്ടു. ഇത് എന്താണ് കാണിക്കുന്നത് എന്ന അവസ്ഥയിലായിരുന്നു ഞാൻ. പ്രാർഥിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. 15-ാം ഓവർ മുതൽ ഞങ്ങളെ വിജയിപ്പിക്കൂ എന്നായിരുന്നു എന്റെ പ്രാർത്ഥന.

അവസാന ഓവറിലെ വൈഡ് കണ്ടതോടെ അടുത്ത പന്ത് സിക്സ് ആകരുതെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് സിക്സിലെത്തി. എന്നിരുന്നാലും പ്രതീക്ഷ കൈവിട്ടില്ല. പിന്നീട് മിസ്ബാഹിന്റെ സ്കൂപ് ഷോട്ട് വായുവിലേക്ക് ഉയരുന്നതാണ് ഞാൻ കണ്ടത്. അതു കൂടുതൽ ദൂരം പോകില്ലെന്ന് ഞാനുറപ്പിച്ചു. ഷോർട് ഫൈൻ ലെഗിൽ ആരാണ് ഫീൽഡർ എന്ന് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. അത് ശ്രീശാന്ത് ആയിരുന്നു. അദ്ദേഹം എപ്പോഴും ക്യാച്ച് വിടുമെന്നാണ് ടീമിനുള്ളിലെ സംസാരം. അതും അനായാസം പിടിക്കാവുന്ന പന്തുകൾ. അത് ഞാൻ പലപ്പോഴും കണ്ടിട്ടുമുണ്ട്.

ശ്രീശാന്ത് ക്യാച്ചെടുക്കാൻ തയ്യാറാകുന്നത് കണ്ടതോടെ ഞാൻ വിക്കറ്റിന് നേരെ ഓടി. ആ പന്തെങ്കിലും അദ്ദേഹം പിടിക്കണമെന്ന് പ്രാർത്ഥിച്ചായിരുന്നു ഈ ഓട്ടം. ഇതിനിടയിൽ പന്ത് കൈയിലെത്തിയിട്ടും ശ്രീശാന്ത് മുകളിലേക്ക് തന്നെ നോക്കിനിൽക്കുകയാണ്. ആ ക്യാച്ച് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. (ചിരിക്കുന്നു). ആ ക്യാച്ചിന്റെ എല്ലാ പേടിയും സമ്മർദ്ദവും ശ്രീശാന്തിന്റെ മുഖത്ത് കാണാനാകും. ഏതായാലും ആ ലോകകപ്പ് ഇന്ത്യക്ക് വിധിച്ചതായിരുന്നു.'' ഉത്തപ്പ പറയുന്നു.

Content Highlights: Sreesanth T20 World Cup Catch