കൊച്ചി: ഇപ്പോഴത്തെ താരങ്ങളുടെ നിലവാരം വിലയിരുത്തി ഇന്ത്യയുടെ ട്വന്റി-20 ടീമിനെ തിരഞ്ഞെടുത്താലോ? അങ്ങനെ ഒരു ടീമിനെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിരഞ്ഞെടുത്തു. എന്നാൽ ആ ടീമിന്റെ ക്യാപ്റ്റൻ വിരാട് കോലിയല്ല. രോഹിത് ശർമയാണ് ശ്രീശാന്ത് തിരഞ്ഞെടുത്ത ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ.
ശിഖർ ധവാനും രോഹിത് ശർമയുമാണ് ഓപ്പണർമാർ. മൂന്നാമത് കോലി. നാലാം സ്ഥാനത്ത് സുരേഷ് റെയ്നയെയാണ് ശ്രീശാന്ത് പരിഗണിക്കുന്നത്. കെ.എൽ രാഹുലാണ് അഞ്ചാം സ്ഥാനത്ത്. ആറാമനും വിക്കറ്റ് കീപ്പറും എം.എസ് ധോനിയാണ്. ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഓൾറൗണ്ടർമാർ. കുൽദീപ് യാദവാണ് സ്പിന്നർ. പേസ് ബൗളറായി ജസ്പ്രീത് ബുംറയ്ക്കൊപ്പം ശ്രീശാന്തും ഇറങ്ങുന്നു. ഒരു ക്രിക്കറ്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത്.
'എല്ലാ ഫോർമാറ്റിലും ഒരേ ടീമാണ് നല്ലതെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സുരേഷ് റെയ്ന കുറച്ചുകൂടി അംഗീകാരം അർഹിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. വിരാട് കോലിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു പറയുന്നു, ഞാൻ തിരഞ്ഞെടുക്കുന്ന ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമയാണ്. കോലിക്ക് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻസി ഉണ്ടല്ലോ'-ശ്രീശാന്ത് വ്യക്തമാക്കുന്നു.