മുംബൈ: ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങ് ഓർക്കാൻ ഇഷ്ടപ്പെടാത്ത വർഷമാണ് 2008. ഓസീസ് താരമായിരുന്ന ആൻഡ്രു സൈമണ്ട്സുമായുള്ള മങ്കിഗേറ്റ് വിവാദത്തിന് പിന്നാലെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മുഖത്തടിച്ചും ഹർഭജൻ വിവാദങ്ങളിൽ നിറഞ്ഞുനിന്നു.

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണിലായിരുന്നു ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു അത്. മത്സരത്തിൽ തോറ്റ മുംബൈ ടീമംഗമായ ഹർഭജനെ പഞ്ചാബ് താരമായ ശ്രീശാന്ത് കളിയാക്കി. ഇതാണ് പിന്നീട് ശ്രീശാന്തിന്റെ മുഖത്ത് ഹർഭജൻ അടിക്കുന്നതിൽ കലാശിച്ചത്.

അന്ന് ഹർഭജനെ പ്രകോപിക്കാൻ എന്താണ് പറഞ്ഞതെന്ന് ശ്രീശാന്ത് ഈ അടുത്ത് വെളിപ്പെടുത്തി. 'പഞ്ചാബിന് മുന്നിൽ മുംബൈ തോറ്റു' എന്ന് പരിഹാസരൂപത്തിൽ ഹർഭജനോട് പറയുകയായിരുന്നെന്ന് ശ്രീശാന്ത് വെളിപ്പെടുത്തുന്നു.

എന്നാൽ അതിനുശേഷം ഹർഭജനും താനും തമ്മിൽ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഒരു പ്രശ്നവും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു. ഈ സംഭവത്തെ തുടർന്ന് ഹർഭജനെ വിലക്കേണ്ടതായിരുന്നു. എന്നാൽ ബി.സി.സി.ഐ നിയമിച്ച അന്വേഷണ കമ്മീഷനായ സുധീന്ദ്ര നാനാവതിക്കു മുന്നിൽ ഹർഭജന് വിലക്ക് ലഭിക്കാതിരിക്കാൻ താൻ യാചിച്ചുവെന്നും പൊട്ടിക്കരഞ്ഞുവെന്നും ശ്രീശാന്ത് പറയുന്നു.

'ഞങ്ങളിരുവരും തമ്മിലുള്ള പ്രശ്നം അവസാനിച്ചതിന് നന്ദി പറയേണ്ടത് സച്ചിൻ പാജിയോടാണ്. സച്ചിൻ പറഞ്ഞത് അനുസരിച്ച് ഞങ്ങളിരുവരും കണ്ടുമുട്ടി. പ്രശ്നം നടന്ന അന്നു രാത്രി തന്നെയായിരുന്നു അത്. എന്നിട്ട് ഞങ്ങൾ ഒരുമിച്ച് ഡിന്നർ കഴിക്കുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾ ഈ പ്രശ്നത്തെ മറ്റൊരു തലത്തിലെത്തിച്ചു. നവനീത് സാറിന് മുന്നിൽ പോലും ഞാൻ പൊട്ടിക്കരഞ്ഞു യാചിച്ചു. ഭാജി പായെ വിലക്കരുതെന്നും ഞങ്ങൾ ഒരുമിച്ച് കളിക്കാൻ പോകുന്നവരാണെന്നും പറഞ്ഞു. ഭാജി പായെ വിലക്കരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി ഹാട്രിക് വിക്കറ്റെടുത്ത മാച്ച് വിന്നറാണ് അദ്ദേഹം. ഭാജി പായോടൊപ്പം കളിച്ച് മത്സരങ്ങൾ വിജയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം ജ്യേഷ്ഠസഹോദരനെപ്പോലെയാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്.' ശ്രീശാന്ത് വ്യക്തമാക്കുന്നു.

'ഭാജി പായുമായി ഇപ്പോഴും ഒരു പ്രശ്നവുമില്ല. അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. എനിക്കും മാറ്റങ്ങൾ വന്നു. അന്ന് പരസ്യമായി അദ്ദേഹം എന്നോട് മാപ്പ് പറഞ്ഞതാണ്.' ശ്രീശാന്ത് കൂട്ടിച്ചേർത്തു.

content highlights: Sreesanth on Slapgate Harbhajan Singh