ധോനിക്കൊപ്പം കളിച്ച കാലത്തെക്കുറിച്ച് എസ്. ശ്രീശാന്ത് പറയുന്നു:
ധോനി ഭായ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് റിട്ടയർ ചെയ്യുന്നെന്ന വാർത്ത കേട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഇന്ത്യൻ ടീമിൽ കളിച്ച ഓർമകൾ മനസ്സിലെത്തി. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ രണ്ട് ലോകകപ്പുകൾ ജയിച്ചപ്പോഴും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോഴും ഞാൻ ടീമിലുണ്ട്.
2007-ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലിൽ പാകിസ്താനെതിരേയും 2011-ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയ്ക്കെതിരേയും ഞാൻ കളിച്ചു. ആ വിജയങ്ങളിൽ ധോനിയുടെ പ്രതികരണവും ശരീരഭാഷയുമെല്ലാം ഇന്നും മനസ്സിലുണ്ട്. വിജയങ്ങളിലും പരാജയങ്ങളിലും ഒരേപോലെ കൂളായി നിലകൊള്ളാനുള്ള ധോനി ഭായിയുടെ കഴിവ് അപാരമാണ്.
ലോകകപ്പ് ഫൈനൽ പോലെയുള്ള മത്സരങ്ങളിൽ ബൗൾ ചെയ്യാൻ നിയോഗിക്കുമ്പോൾ ഒട്ടേറെ ഉപദേശങ്ങളും നിർദേശങ്ങളും തന്ന് നമ്മെ ടെൻഷനടിപ്പിക്കാത്ത ക്യാപ്റ്റനായിരുന്നു ധോനി ഭായ്.''ശ്രീ, നിന്റെ ശൈലിയിൽ ബൗൾ ചെയ്തോളൂ. പക്ഷേ, ലോകകപ്പ് ഫൈനലാണെന്ന് ഓർമ വേണം.''- ഇത്രയേ പറയൂ. ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയുടെ ഓപ്പണർമാരായ ആദം ഗിൽക്രിസ്റ്റിന്റെയും മാത്യു ഹെയ്‌ഡന്റെയും വിക്കറ്റെടുത്തത് ഞാനായിരുന്നു. അവർക്കെതിരേ എന്റെ സ്വന്തം ശൈലിയിൽ ബൗൾ ചെയ്യാൻ ക്യാപ്റ്റൻ തന്ന സ്വാതന്ത്ര്യം നിർണായകമായി.
ഞാനും ധോനിയും ഒരേ കാലത്താണ് ഇന്ത്യൻ ടീമിലെത്തുന്നത്. പ്രാദേശികച്ചുവയുള്ള ഹിന്ദിയിൽ തമാശകൾ പൊട്ടിച്ച് ഞങ്ങളെ ചിരിപ്പിക്കുകയും കൂട്ടുകാർക്കിടിയിൽ ചില തമാശകൾ ഒപ്പിച്ച് ആസ്വദിക്കുകയും ചെയ്യുന്ന നീണ്ടമുടിക്കാരൻ. ആ മനുഷ്യൻ ഗ്രൗണ്ടിലിറങ്ങിയാൽ വലിയ ഗൗരവക്കാരനായി മാറും.
കൊച്ചിയിൽ ഒരു മത്സരത്തിനെത്തിയ ഇന്ത്യൻ ടീം ഒരുമിച്ച് എന്റെ വീട്ടിൽ വന്നത് മറക്കാനാകാത്ത അനുഭവമായി. ധോനി ഭായിയുടെ ജീവിതത്തിൽ ഇനിയും സൗഭാഗ്യങ്ങളും സന്തോഷവുമുണ്ടാവട്ടെ.
Content Highlights: Sreesanth on MS Dhoni Indian Cricket