ന്യൂഡല്‍ഹി: ആജീവനാന്ത വിലക്കിനെതിരെ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ബി.സി.സി.ഐ ഇടക്കാല ഭരണസമിതിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയയ്ക്കും. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നാലാഴ്ച്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ചത്. അതേസമയം ശ്രീശാന്ത് കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും കോഴയായി കിട്ടിയ ഏഴ് ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം തനിക്കും നാലു ലക്ഷം ജിജു ജനാര്‍ദ്ധനെന്നും ശ്രീശാന്ത് പറയുന്ന ഓഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും ബിസിസിഐ സുപ്രീം കോടതിയെ അറിയിച്ചു. വാതുവെയ്പ് നടന്നുവെന്നതിന്റെ തെളിവാണ് പാന്റില്‍ വെച്ച തൂവാലയെന്നും ബിസിസിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 

ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ബിസിസിഐയുടെ അപ്പീല്‍ അനുവദിച്ച് കൊണ്ട് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അസാധുവാക്കുകയായിരുന്നു. ബിസിസിഐയുടെ ആഭ്യന്തര വിഷയമാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാണ്ടിയായിരുന്നു നടപടി. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്. 

Content Highlights: Sreesanth life ban case Supreme Court issues notice to BCCI