കൊച്ചി: ക്രിക്കറ്റ് കരിയറില്‍ തന്റെ വിലപ്പെട്ട നാല് വര്‍ഷം നഷ്ടപ്പെടുത്തിയ ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് നിയമനപടിക്കൊരുങ്ങുന്നു. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അയച്ചതിന് പിന്നാലെയാണ് ശ്രീശാന്ത് നിലപാട് വ്യക്തമാക്കിയത്. 

കോടതി കുറ്റവിമുക്തനാക്കിയ തനിക്കെതിരെ ബി.സി.സി.ഐ എങ്ങനെയാണ് വിലക്കേര്‍പ്പെടുത്തുകയെന്നും ഇതിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി  അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. പത്ത് ദിവസത്തിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. ബി.സി.സി.ഐ എല്ലാവരോടും ഒരേ നീതി കാട്ടണമെന്നും തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. 

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ബി.സി.സി.ഐ.യില്‍ നിന്ന് ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള അറിയിപ്പ് കെ.സി.എ.ക്ക് ലഭിച്ചത്. ബോര്‍ഡില്‍ നിന്ന് ലഭിച്ച ഔദ്യോഗിക അറിയിപ്പ് കെ.സി.എ ശ്രീശാന്തിന് അയക്കുകയായിരുന്നുവെന്ന്‌ കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Read More | അനുമതി കാത്തുമടുത്തു; ശ്രീശാന്ത് ഞായറാഴ്ച വീണ്ടും ക്രീസില്‍

ക്രിക്കറ്റില്‍ നിന്ന് വിലക്കിയതായി കാണിച്ച് ശ്രീശാന്തിന് 2013 ഒക്ടോബറില്‍ ബി.സി.സി.ഐ ഔദ്യോഗികമായി കത്തയച്ചിരുന്നു. അന്നത്തെ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ കെ.സി.എ.ക്ക് വീണ്ടും ബി.സി.സി.ഐ അയച്ചതെന്നും ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കി.

ഇതുവരെ ബി.സി.സി.സിഐയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നത്‌ താന്‍ ചെയ്ത വിഡ്ഢിത്തമാണെന്നും അതിനാല്‍ ഞായറാഴ്ച എറാണാകുളം ജില്ലാ ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ശ്രീശാന്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

എന്നാല്‍ ശ്രീശാന്ത് കളിക്കാനുദ്ദേശിച്ച ജില്ലാ ക്രിക്കറ്റ് ലീഗ് മാറ്റിവെയ്ക്കുന്ന കാര്യത്തില്‍ കെ.സി.എ അല്ല തീരുമാനമെടുക്കേണ്ടതെന്നും അത് എറണാകുളം ക്രിക്കറ്റ് ക്ലബ്ബാണ് നിശ്ചയിക്കേണ്ടതെന്നും ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. വിലക്ക് നിലനില്‍ക്കെ ശ്രീശാന്തിനെ കളിപ്പിച്ചാല്‍ എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനെ കെ.സി.എയ്ക്ക് വിലക്കേണ്ടി വരുമെന്നും ജയേഷ് വ്യക്തമാക്കി.