കൊച്ചി: ശ്രീശാന്തിന്റെ പന്തുകള്‍ക്ക് ആ പഴയ മൂര്‍ച്ച നഷ്ടപ്പെട്ടിട്ടില്ലെന്നും നെറ്റ്‌സില്‍ ഇപ്പോഴും ശ്രീയുടെ പന്തുകള്‍ കളിക്കാന്‍ പ്രയാസമാണെന്നും കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി.

ഐ.പി.എല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ കായികക്ഷമത തെളിയിച്ചാല്‍ താരത്തെ തീര്‍ച്ചയായും ടീമിലേക്ക് പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കേരള ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ടിനു യോഹന്നാനും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ശ്രീയുടെ ബൗളിങ്ങിനെ കുറിച്ച് സച്ചിന്‍ ബേബി തന്നെ പ്രതികരിച്ചിരിക്കുന്നത്.

കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള സച്ചിന്‍ ബേബി, ബേസില്‍ തമ്പി തുടങ്ങി ഏതാനും കേരള ക്രിക്കറ്റ് താരങ്ങളുമൊത്ത് ഇടപ്പള്ളിയിലെ ഒരു നെറ്റ്‌സില്‍ ശ്രീശാന്ത് പരിശീലനത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു.

ശ്രീശാന്തിന്റെ തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ ബേബി പറഞ്ഞു. ടെലിവിഷന്‍ അവതാരകന്‍ അരുണ്‍ വേണുഗോപാലിന്റെ ഹോം റണ്‍ വിത്ത് എ.വി എന്ന ഇന്‍സ്റ്റാഗ്രാം ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ശ്രീശാന്ത് എനിക്ക് സഹോദര തുല്യനാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി അദ്ദേഹം കേരള ടീമിലേക്ക് മടങ്ങിയെത്തുന്നത് കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒന്നിച്ച് പരിശീലിക്കുകയും ചെയ്യുന്നുണ്ട്. നെറ്റ്‌സില്‍ ശ്രീശാന്തിന്റെ ബൗളിങ് അപാരമാണ്. ഇന്നും നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ പന്തുകള്‍ കളിക്കാന്‍ പ്രയാസമാണ്. പേസും സ്വിങ്ങും നമ്മെ ബുദ്ധിമുട്ടിക്കും'', സച്ചിന്‍ ബേബി വ്യക്തമാക്കി.

ശ്രീശാന്തിന്റെ മാച്ച് ഫിറ്റ്‌നസിന്റെ കാര്യത്തിലാണ് ഇനി ശ്രദ്ധ കൊടുക്കേണ്ടത്. ബൗളിങ്ങിന്റെ കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നെറ്റ്‌സില്‍ നന്നായി പന്തെറിയുന്ന ശ്രീ, വിക്കറ്റും വീഴ്ത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Sreesanth is still unplayable says Kerala batsman Sachin Baby