കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു. ഐ.പി.എല്ലിലെ കോഴ വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കും. തുടര്‍ന്ന് കായികക്ഷമത തെളിയിച്ചാല്‍ താരത്തെ തീര്‍ച്ചയായും ടീമിലേക്ക് പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
വിലക്ക് മാറിയാല്‍ ശ്രീശാന്തിനെ കേരള ടീമിലേക്ക് തീര്‍ച്ചയായും പരിഗണിക്കുമെന്ന് മുന്‍ കെ.സി.കെ സെക്രട്ടറിയും നിലവിലെ ബിസിസിഐ ജോയന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജ് മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. ''ബാന്‍ മാറിയാല്‍ തീര്‍ച്ചയായും ശ്രീശാന്തിനെ പരിഗണിക്കും. ഏതൊരു കളിക്കാരനാണെങ്കിലും പരിക്കോ വിലക്കോ കാരണം തിരിച്ചെത്തുമ്പോള്‍ ഫിറ്റ്‌നസും മറ്റും പരിശോധിക്കേണ്ടതുണ്ട്. ബാന്‍ കഴിയുമ്പോല്‍ ഫിറ്റ്‌നസ് പ്രൂവ് ചെയ്താല്‍ ശ്രീശാന്തിനെ പരിഗണിക്കും. ശ്രീയുടെ ടാലന്റിന്റെ കൊര്യത്തില്‍ ആര്‍ക്കും സംശയമില്ല'', ജയേഷ് ജോര്‍ജ് പ്രതികരിച്ചു.
ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നയാളാണ് താനെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ ടിനു യോഹന്നാനും മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിച്ചു. ''ഞാനടക്കം ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നയാളാണ്. അതിനുള്ള വഴികളെല്ലാം ഒരുക്കിക്കൊടുക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. ശ്രീശാന്തിന്റെ പരിശോധനകളെല്ലാം പൂര്‍ത്തിയാകണം. ഫിറ്റ്‌നസ് പരിശോധിക്കണം അങ്ങനെ വിവിധ നടപടക്രമങ്ങള്‍ ബാക്കിയുണ്ട്. ഇതെല്ലാം കഴിഞ്ഞിട്ടേ നമുക്കൊരു തീരുമാനത്തിലെത്താന്‍ പറ്റൂ. കെ.സി.എയുമായി ശ്രീയുടെ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. ശ്രീശാന്തിനെ കളിപ്പിക്കണം എന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം'', ടിനു പറഞ്ഞു.
ഐ.പി.എല്ലിലെ കോഴ വിവാദത്തിനു ശേഷം 2013-ലാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്ക് വരുന്നത്. എന്നാല്‍ താരം ഇതിനെതിരേ നിയമ പോരാട്ടത്തിനിറങ്ങി. ഇതിനെ തുടര്‍ന്ന് 2015-ല്‍ ശ്രീശാന്തിനെ ഡല്‍ഹിയിലെ പ്രത്യേക കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. പിന്നീട് 2018ല്‍ കേരള ഹൈക്കോടതി ശ്രീശാന്തിന് ചുമത്തിയ വിലക്ക് നീക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ഇതിന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുന്നതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും.
Content Highlights: Sreesanth can return to kerala team after clearing fitness test kca