ന്യൂഡല്‍ഹി: ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബി.സി.സി.ഐയുടെ നടപടി നേരിടുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനും പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. 

ഇതിനേക്കാള്‍ മോശം കാര്യങ്ങള്‍ ചെയ്ത താരങ്ങളുണ്ടെന്നും ഭാഗ്യം കൊണ്ട് പിടിക്കപ്പെടാതെയും ശിക്ഷയൊന്നും ലഭിക്കാതെയും രക്ഷപ്പെട്ടതാണെന്നും ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ഇതിനേക്കാള്‍ വലിയ തെറ്റു ചെയ്തവര്‍ ഇപ്പോഴും കളിക്കുന്നുണ്ട്. ക്രിക്കറ്റില്‍ മാത്രമല്ല മറ്റു മേഖലകളിലും. അതേ ആള്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഈ താരങ്ങളെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സംഭവിച്ചതെല്ലാം മോശമായ കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ നോക്കൂ ലോകകപ്പ് അടുത്തിരിക്കുന്നു. ഹാര്‍ദിക്കും രാഹുലും രണ്ടുപേരും മികച്ച ക്രിക്കറ്റര്‍മാരാണ്. ഇരുവരും മാച്ച് വിന്നേഴ്‌സുമാണ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് കളിക്കാന്‍ സാധിക്കാതെയിരിക്കുക എന്നത് എത്ര വിഷമമുള്ള കാര്യമാണെന്ന് എനിക്കറിയാം. ബി.സി.സി.ഐ ഇരുവരെയും വീണ്ടും കളിക്കാന്‍ അനുവദിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ'', ശ്രീശാന്ത് പറഞ്ഞു. വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്ന് 2013 മുതല്‍ ബി.സി.സി.ഐയുടെ വിലക്ക് നേരിടുകയാണ് ശ്രീശാന്ത്.

ഐ.പി.എല്‍ ആദ്യ സീസണിനിടെ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ ഹര്‍ഭജനെതിരേ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ചാറ്റ് ഷോ വിവാദത്തിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയേയും ലോകേഷ് രാഹുലിനെയും വിമര്‍ശിച്ച് ഹര്‍ഭജന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. 

ഇപ്പോള്‍ ഇരു താരങ്ങള്‍ക്കും പിന്തുണയുമായി ശ്രീശാന്ത് രംഗത്തെത്തുമ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് ഹര്‍ഭജനെയാണോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം.

Content Highlights: Sreesanth, Hardik Pandya, KL Rahul, harbhajan singh