ആലപ്പുഴ: ''ഒരുപാടു സന്തോഷം. എത്രനാളായി ആഗ്രഹിക്കുന്നതാണ്.'' ഏഴുവര്‍ഷത്തെ വിലക്കിനുശേഷം വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്ത് പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിനായുള്ള ഒരുക്കങ്ങള്‍ക്കായി ആലപ്പുഴ എസ്.ഡി. കോളേജ് ഗ്രൗണ്ടിലെത്തിയതായിരുന്നു അദ്ദേഹം. 

ക്യാപ്റ്റന്‍ സഞ്ജു സാംസണും യുവനിരയ്ക്കുമൊപ്പം വീണ്ടും കളിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷവും എസ്. ശ്രീശാന്ത് പങ്കുവെച്ചു.

വിലക്കിന്റെ കാലത്തും ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇതു മുതല്‍ക്കൂട്ടാകുമെന്നും തന്റെ ഏറ്റവും മികച്ച ദിനങ്ങളിലേക്ക് മടങ്ങിയെത്താനാകുമെന്നും ശ്രീശാന്ത് പറഞ്ഞു. 

ശ്രീശാന്തിനൊപ്പം വീണ്ടും കളിക്കാനാകുന്നതിന്റെ സന്തോഷം സഞ്ജു സാംസണും പ്രകടിപ്പിച്ചു. മുന്‍ ഇന്ത്യന്‍താരം റോബിന്‍ ഉത്തപ്പയുള്‍പ്പെടെയുള്ള കളിക്കാര്‍ പരിശീലനത്തിനെത്തിയിരുന്നു. ജനുവരി 11 മുതല്‍ മുംബൈയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ടീം വെള്ളിയാഴ്ച രാവിലെ പുറപ്പെടും. കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിശീലനം.

Content Highlights: Sreesanth back on the cricket field