കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രെ നെല്ലും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും തമ്മില്‍ കളിക്കളത്തിലുണ്ടായ വാക്‌പോര് ആരും മറന്നിട്ടുണ്ടാകില്ല. 2006ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ശ്രീശാന്തും നെല്ലും തമ്മിലുണ്ടായ വിവാദമായ ആ കൊമ്പുകോര്‍ക്കര്‍. നെല്ലിന്റെ പേസ് ബൗളിങ്ങിനെ ധൈര്യപൂര്‍വ്വം നേരിട്ട ശ്രീശാന്ത് സിക്‌സടിച്ച് ഗ്രൗണ്ടില്‍ ബാറ്റുചുഴറ്റി നൃത്തംവെയ്ക്കുകയും ചെയ്തിരുന്നു.

മറ്റൊരു ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര നടന്നുകൊണ്ടിരിക്കെ 2006ലെ ടെസ്റ്റില്‍ സംഭവിച്ചതില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദന സൃ്ഷ്ടിച്ച ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കിയാണ് അന്ന് താന്‍ പന്തെറിഞ്ഞതെന്ന് നെല്‍ വെളിപ്പെടുത്തി.

ശ്രീശാന്തിന് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതിനാലാണ് മലയാളി താരത്തെ പ്രകോപിപ്പിച്ചത്. ശ്രീശാന്തിന്റെ തല ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്റെ ബൗണ്‍സറുകളെല്ലാം. നെല്‍ തുറന്നുപറയുന്നു. എന്നാല്‍ നെല്ലിന്റെ പേസ് ബൗളിങ്ങിന് സിക്‌സിലൂടെയാണ് ശ്രീശാന്ത് മറുപടി നല്‍കിയത്. പിന്നാലെ ബാറ്റുചുഴറ്റി ഗ്രൗണ്ടില്‍ നൃത്തംവെച്ച ശ്രീശാന്ത് നെല്ലിനെ ചീത്തവിളിക്കുകയും ചെയ്തു.

എപ്പോഴും ആക്രമണശൈലിയാണ് താന്‍ പിന്തുടരാറുള്ളതെന്നും ശ്രീശാന്തുമായുള്ള ഉരസല്‍ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും നെല്‍ കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ ഡാന്‍സ് കണ്ടപ്പോള്‍ ചിരിയാണ് വന്നത്. മത്സരശേഷം ശ്രീശാന്തിന് ഹസ്തദാനം നല്‍കിയെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നെല്‍ പറയുന്നു.

അന്നത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക വെറും 84 റണ്‍സിന് പുറത്തായിരുന്നു. 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.

Content Highlights:Sreesanth and Nel Sledge Each other