Photo: AFP
2005-06ലെ ചലഞ്ചര്‍ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം ശ്രീശാന്തിന് ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്. 2005 ഒക്ടോബര്‍ 25-ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു ശ്രീയുടെ ഇന്ത്യന്‍ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ കുമാര്‍ സംഗക്കാരയും സനത് ജയസൂര്യയും ശ്രീശാന്തിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെങ്കിലും മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായി.
മികച്ച ആക്ഷനും മികച്ച വേഗവും കൊണ്ട് പേരെടുത്തെങ്കിലും റണ്‍സ് വഴങ്ങുന്നതിലെ ധാരാളിത്തം താരത്തിന് തുടക്ക കാലത്ത് തിരിച്ചടിയായിരുന്നു. ഇന്ത്യ കിരീടമണിഞ്ഞ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും കളിക്കാനുള്ള ഭാഗ്യവും ശ്രീക്ക് ലഭിച്ചു.
എന്നാല്‍ 2013-ലെ ഐപിഎല്ലാണ് ശ്രീശാന്തിന്റെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ മാറ്റിമറിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്തിനെ വാതുവെയ്പ്പിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്ത വരുന്നത് 2013 മേയ് 16-നാണ്. ശ്രീശാന്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ അജിത്ത് ചന്ദിലയേയും അംഗീത് ചവാനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാതുവെയ്പ്പ് നടത്താന്‍ ജിജു ജനാര്‍ദ്ദനന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നതായിരുന്നു ആരോപണം.
മേയ് 17-ന് ശ്രീശാന്ത് കുറ്റം സമ്മതിച്ചുവെന്ന ഡല്‍ഹി പോലീസിന്റെ പ്രസ്താവന വന്നു. എന്നാല്‍ കുറ്റസമ്മതത്തില്‍ നിര്‍ബന്ധിച്ച് ഒപ്പുവെയ്പ്പിക്കുകയായിരുന്നുവെന്ന് ശ്രീശാന്ത് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ഈ താരങ്ങളുടെ കരാര്‍ റദ്ദാക്കി. 2013 സെപ്റ്റംബര്‍ 13-ന് ബിസിസിഐ വാതുവെയ്പ്പിനെ തുടര്‍ന്ന് അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
തുടര്‍ന്നുള്ള നാളുകള്‍ നിയമ പോരാട്ടങ്ങളുടേതായിരുന്നു. വാതുവെയ്പ്പ് കേസില്‍ 2015 ജൂലായില്‍ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് ആജീവനാന്ത വിലക്ക് റദ്ദാക്കാനുള്ള നിയമനടപടികളുമായി ശ്രീശാന്ത് മുന്നോട്ടുപോയി. ഇതിനിടെ 2017 ഒക്ടോബര്‍ 18-ന് കേരള ഹൈക്കോടതി ശ്രീശാന്തിന്റെ വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെതിരേ താരം വീണ്ടും കോടതി നടപടികളുമായി മുന്നോട്ടുപോയി. ഒടുവില്‍ 2019 മാര്‍ച്ചില്‍ സുപ്രീം കോടതി ബിസിസിഐയോട് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലാവധി പുനഃപരിശോധക്കണമെന്ന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വര്‍ഷമാക്കി കുറച്ചു. ഇതോടെ 2020 സെപ്റ്റംബര്‍ 13-ഓടെ താരത്തിന്റെ വിലക്കിന്റെ കാലാവധി അവസാനിച്ചു. പിന്നാലെ കേരള ടീമിലൂടെ ശ്രീ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
ഏതാനും നാളുകള്‍ക്ക് മുമ്പ് സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് ഒത്തുകളി വിവാദത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. 10 ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് താരം ഒത്തുകളിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ''ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാശ് ഇടപാടുകളും കാര്‍ഡ് വഴിയാണ് ഞാന്‍ നടത്തുന്നത്. എന്റെ ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുകയും എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുകയുമാണ് ചെയ്തിട്ടുള്ളത്. ഒരുപാട് പേരെ ഞാന്‍ സഹായിച്ചിട്ടുണ്ട്. അവരുടേയും കുടുംബാഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ഥനയാണ് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിച്ചത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ നാല് പന്തില്‍ അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലും ഇല്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130-ന് മുകളില്‍ വേഗതയിലാണ് ഞാന്‍ എറിഞ്ഞത്'' - അന്നത്തെ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞ വാക്കുകളാണിത്.
Content Highlights: sreesanth 2013 Indian Premier League spot-fixing and betting case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..