ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് സെമിഫൈനലില്‍ ബ്രെന്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴടക്കി ടോട്ടനം ഹോട്‌സ്പര്‍ ഫൈനലില്‍. പരിശീലകന്‍ ഹോസെ മൗറീന്യോയുടെ കീഴില്‍ ആദ്യമായാണ് ടീം ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. 

12-ാം മിനിട്ടില്‍ മൗസ സിസോക്കോയിലൂടെ ലീഡെഡുത്ത ടോട്ടനത്തിനായി 70-ാം മിനിട്ടില്‍ സൂപ്പര്‍ താരം സണ്‍ ഹ്യൂങ് മിന്‍ രണ്ടാം ഗോള്‍ നേടി. വിജയിച്ചെങ്കിലും ഫൈനല്‍ കളിക്കാന്‍ ടോട്ടനം 110 ദിവസം കാത്തിരിക്കണം. കോവിഡ് മൂലമാണ് മത്സരത്തിന്റെ ഫൈനല്‍ നീട്ടിവെച്ചത്.

രണ്ടാം ഡിവിഷന്‍ ടീമായ ബ്രെന്റ്‌ഫോര്‍ഡ് അട്ടിമറി വിജയങ്ങളിലൂടെയാണ് സെമി ഫൈനല്‍ വരെയെത്തിയത്. സെമിഫൈനലിന്റെ 84-ാം മിനിട്ടില്‍ ജോഷ് ഡാസില്‍വ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് വിനയായി. 

ഇന്ന് നടക്കുന്ന മാഞ്ചെസ്റ്റര്‍ സിറ്റി-മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡര്‍ബി പോരാട്ടത്തില്‍ വിജയിക്കുന്നവരാണ് ടോട്ടനത്തിന്റെ എതിരാളികള്‍. 2008-ലാണ് അവസാനമായി ടോട്ടനം ലീഗ് കപ്പ് കിരീടമുയര്‍ത്തിയത്. എന്നാല്‍ ടോട്ടനത്തിന്റെ പരിശീലകന്‍ ഹോസെ മൗറീന്യോയ്ക്ക് ലീഗ്കപ്പില്‍ മികച്ച റെക്കോഡാണുള്ളത്. ചെല്‍സിയെയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെയും കിരീടനേട്ടത്തിലേക്ക് നയിക്കാന്‍ മൗറീന്യോയ്ക്ക് കഴിഞ്ഞു. 

Content Highlights: Spurs beat Brentford, but will wait 110 days for cup final