ജോര്‍ജ് ടൗണ്‍ ( ഗയാന): വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് അഞ്ച് റണ്‍സിന്റെ വിജയം. മഴ മൂലം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 9 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ പോരാട്ടം 45 റണ്‍സില്‍ അവസാനിച്ചു. 

10 റണ്‍സെടുത്ത പൂജ വസ്ട്രാക്കറാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യയുടെ ആറു താരങ്ങളാണ് ഒറ്റയക്കത്തില്‍ പുറത്തായത്. ഷഫാലി (7), ജെമീമ റോഡ്രിഗ്രസ് (6), വേദ കൃഷ്ണമൂര്‍ത്തി (5), ഹര്‍മന്‍പ്രീത് (6), ദീപ്തി ശര്‍മ്മ (4), ഹര്‍ലീന്‍ ഡിയോള്‍ (0) എന്നിവരാണ് ഒറ്റയക്കത്തിനു പുറത്തായത്. തനിയ ഭാട്ടിയ (8), അനുജ പാട്ടീല്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനായി ഹെയ്‌ലി മാത്യൂ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. അറി ഫ്രിച്ചര്‍, ഷെനേറ്റ ഗ്രിമോണ്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടിയില്‍ വിന്‍ഡീസിനും പിഴച്ചു. നിശ്ചിത ഓവറില്‍ 45 റണ്‍സ് എടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. വിക്കറ്റ് കൈയ്യില്‍ ഉണ്ടായിരുന്നെങ്കിലും സ്‌കോറിങ്ങിലെ മെല്ലെപ്പോക്കാണ് അവര്‍ക്ക് വിനയായയത്. 11 റണ്‍സ് വീതമെടുത്ത ഹെയ്‌ലി മാത്യൂസും ഷിനേല്‍ ഹെന്റിയുമാണ് വിന്‍ഡീസ് നിരയിലെ ടോപ്പ് സ്‌കോററായത്. ഇന്ത്യക്കായി അഞ്ജു പാട്ടീല്‍ രണ്ട് വിക്കറ്റും രാധാ യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ഇന്ത്യന്‍ വനിതകളിടെ നാലാമത്തെ വിജയമാണ് ഇത്. പരമ്പര നേരത്തെ തന്നെ ഇന്ത്യന്‍ വനികള്‍ സ്വന്തമാക്കിയിരുന്നു.

Content Highlights: Spinners choke West Indies as India women wallop to 4th successive win