ധാക്ക: പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ട്വന്റി-20 മത്സരത്തില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് കണ്ട് അമ്പരന്ന് ആരാധകര്‍. പന്തുകളുടെ വേഗം അളക്കുന്നതില്‍ വന്ന പാളിച്ച ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ പന്തുകളുടെ പിറവിക്ക് കാരണമാകുകയായിരുന്നു. 

മുഹമ്മദ് നവാസ് എറിഞ്ഞ ഒരു പന്തിന്റെ വേഗം മണിക്കൂറില്‍ 148 കിലോമീറ്ററാണ് രേഖപ്പെടുത്തിയത്. അതിലും വിസ്മയിപ്പിച്ചത് ഹസന്‍ അലിയാണ്. താരത്തിന്റെ ഒരു പന്തിന്റെ വേഗം രേഖപ്പെടുത്തിയത് 219 കിലോമീറ്ററാണ്. ക്രിക്കറ്റിലെ അതിവേഗ ബൗളര്‍മാരായ ബ്രെറ്റ് ലീ, ഷുഐബ് അക്തര്‍, ഷോണ്‍ ടെയ്റ്റ് എന്നിവരെയെല്ലാം 'പിന്നിലാക്കുന്ന'' ഈ പ്രകടനം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. 

ഇനി ഷഹീന്‍ അഫ്രീദിയെ ആര്‍ക്കുവേണം എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഒരു കമന്റ്. വെറും നാലടി നടന്ന് ഇത്രയും വേഗത്തില്‍ പന്തെറിയാനാകുമോ എന്നും കമന്റുണ്ട്. സ്പിന്നറായ നവാസിനെ ഉദ്ദേശിച്ചായിരുന്നു ഈ കമന്റ്. മത്സരത്തില്‍ നാല് പന്ത് ശേഷിക്കെ നാല് വിക്കറ്റിന് പാകിസ്താന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 127 റണ്‍സാണ്. മൂന്നു വിക്കറ്റ് പിഴുത പാക് ബൗളര്‍ ഹസന്‍ അലി കളിയിലെ താരമായി. 

Content Highlights: Speed gun shows Hasan Ali delivery clocked at 219 kph Pakistan vs Bangladesh