സിഡ്‌നി: ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിക്കുമ്പോള്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ്. പരമ്പരയിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന്  74.72 റണ്‍സ് ശരാശരിയില്‍ 521 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. മൂന്ന് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടക്കമാണ് പൂജാരയുടെ നേട്ടം.

പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു. സിഡ്‌നിയില്‍ 373 പന്തുകള്‍ നീണ്ട മാരത്തണ്‍ ഇന്നിങ്‌സായിരുന്നു പൂജാരയുടേത്. നിര്‍ഭാഗ്യവശാല്‍ ഇരട്ട സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെവെച്ച് അദ്ദേഹം പുറത്താകുകയായിരുന്നു. 22 ബൗണ്ടറികളടങ്ങിയതായിരുന്നു ഈ ഇന്നിങ്‌സ്. ഇതോടെ കളിയിലെ താരമായതും പൂജാര തന്നെ. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്‌സ്.

പലപ്പോഴും ക്രിക്കറ്റ് പണ്ഡിതരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുള്ള താരമാണ് പൂജാര. ബാറ്റിങ്ങിലെ മെല്ലേപ്പോക്കിന്റെ പേരിലായിരുന്നു പലപ്പോഴും വിമര്‍ശനങ്ങള്‍. നേരത്തെ മെല്‍ബണില്‍ നടന്ന ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ മെല്ലപ്പോക്കിനെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് വിമര്‍ശിച്ചിരുന്നു. 

ആദ്യ ഇന്നിങ്സില്‍ 319 പന്തുകള്‍ നേരിട്ട പൂജാര 106 റണ്‍സ് നേടിയിരുന്നു. ഈ മെല്ലേപ്പോക്കിനെയാണ് പോണ്ടിങ് വിമര്‍ശിച്ചത്. മെല്‍ബണിലെ മത്സരം ഇന്ത്യ ജയിച്ചാല്‍ പൂജാരയുടെ ഇന്നിങ്സ് ഗംഭീരമാണെന്നു പറയാമെന്നു ചൂണ്ടിക്കാട്ടിയ പോണ്ടിങ് ഓസ്ട്രേലിയയെ രണ്ടുവട്ടം പുറത്താക്കാന്‍ സമയം കിട്ടാതെ ഈ ടെസ്റ്റ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടാല്‍ അതിനു കാരണം പൂജാരയാണെന്നു പറയേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. 

പൂജാര ക്രീസിലുള്ളപ്പോള്‍ റണ്‍റേറ്റ് ഉയര്‍ത്തുക എന്നത് അസാധ്യമായ കാര്യമാണെന്നും പോണ്ടിങ് പറഞ്ഞിരുന്നു. എന്നാല്‍ മെല്‍ബണില്‍ ഇന്ത്യ വിജയിച്ച ശേഷം പോണ്ടിങ് യാതൊരു പ്രതികരണവും നടത്തിക്കണ്ടില്ല. ഈ വിമര്‍ശനങ്ങള്‍ക്കിടയിലും തന്റെ സ്വതസിദ്ധമായ ശൈലിയുമായി പൂജാര മുന്നോട്ടു കുതിക്കുകയാണ്. 

സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ദിനം ബാറ്റു ചെയ്യുകയായിരുന്ന പൂജാരയോടെ നിങ്ങള്‍ക്ക് ബോറടിക്കുന്നില്ലെയെന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ചോദിക്കുക കൂടി ചെയ്തിരുന്നു. പിതാവിന്റെ ഹൃദയ ശസ്ത്രക്രിയക്കിടെയായിരുന്നു സിഡ്‌നിയിലെ പൂജാരയുടെ ഇന്നിങ്‌സ്. 

ചെറുപ്പത്തില്‍ തന്നെ പൂജാരയ്ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അദ്ദേഹത്തിന്റെ പിതാവ് അരവിന്ദായിരുന്നു. സിഡ്‌നിയില്‍ പൂജാര തന്റെ സെഞ്ചുറിയോടടുക്കുമ്പോള്‍ പിതാവിന്റെ ഹൃദയ ശസ്ത്രക്രിയക്കായി മുംബൈയില്‍ നിന്ന് രാജ്കോട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം.

ഓസ്ട്രേലിയയില്‍ നടക്കുന്ന ഒരു പരമ്പരയില്‍ മൂന്നോ അതിലധികമോ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കൊപ്പം പൂജാരയും ഇടംപിടിച്ചിരുന്നു.  

ഓസ്ട്രേലിയയില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ആയിരത്തിലധികം പന്തുകള്‍ നേരിടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരമെന്ന റെക്കോഡ് സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെ പിന്തളളിയാണ് പൂജാര സ്വന്തമാക്കിയത്. 1258 പന്തുകളാണ് ഈ പരമ്പരയില്‍ പൂജാര നേരിട്ടത്. 

2003-04 ലെ പരമ്പരയില്‍ 1203 പന്തുകളാണ് രാഹുല്‍ ദ്രാവിഡ് നേരിട്ടത്. വിജയ് ഹസാരെ 1947-48 പരമ്പരയില്‍ 1192 പന്തുകള്‍ നേരിട്ടു. വിരാട് കോലി 2014-15 പരമ്പരയില്‍ 1093 പന്തുകള്‍ നേരിട്ടു. സുനില്‍ ഗവാസ്‌കര്‍ 1977-78 പരമ്പരയില്‍ നേരിട്ടത് 1032 പന്തുകളാണ്.

Content Highlights: special praise for Cheteshwar Pujara