ഓവല്‍: ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയമായിപ്പോയ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാതെയാണ് ഹനുമ വിഹാരി കളിച്ചത്. അര്‍ദ്ധ സെഞ്ചുറിയുമായി ഇന്ത്യയുടെ ഇന്നിങ്‌സില്‍ വിഹാരി നിര്‍ണായകമായ പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇതുപോലൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു ഇന്നിങ്‌സിന് വിഹാരിയെ സഹായിച്ചത് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളാണ്.
ക്രീസിലിറങ്ങും മുമ്പ് ദ്രാവിഡിനെ വിളിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ആത്മവിശ്വാസമാണ് തന്റെ ഈ പ്രകടനത്തിന് പിന്നിലുള്ളതെന്ന് ഹനുമ വിഹാരി വ്യക്തമാക്കി. 'ദ്രാവിഡിനെ വിളിച്ച് ഞാന്‍ കുറേനേരം സംസാരിച്ചു. എന്റെ സമ്മര്‍ദ്ദം കുറക്കാന്‍ അത് സഹായിച്ചു. സ്വന്തം മികവില്‍ വിശ്വസിച്ച് ആസ്വദിച്ച് ബാറ്റു ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഇന്ത്യ എ ടീമില്‍ കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എ്‌ന്നെ ഒരു നല്ല കളിക്കാരനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ആ വാക്കുകളാണ്.
ക്രീസില്‍ നില്‍ക്കുമ്പോള്‍ വിരാടിന്റെ നിര്‍ദേശങ്ങളും നിലയുറപ്പിക്കാന്‍ തന്നെ സഹായിച്ചെന്ന് വിഹാരി പറയുന്നു. അതേസമയം താന്‍ കളിക്കളത്തില്‍ ബാറ്റു കൊണ്ടാണ് മറുപടി പറയാന്‍ ഇഷ്ടപ്പെടുന്നതെന്നും വിഹാരി പറഞ്ഞു. സ്റ്റോക്ക്സില്‍ നിന്നുമുണ്ടായ പ്രകോപനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. സിക്സ് പറത്തിയതിന് പിന്നാലെയായിരുന്നു പ്രകോപിപ്പിക്കുന്ന രീതിയില്‍ സ്റ്റോക്ക്‌സ് പെരുമാറിയത്. എന്നാല്‍ അത് ഞാന്‍ അവഗണിക്കുകയായിരുന്നു' വിഹാരി പറയുന്നു.
തന്റെ കന്നി ടെസ്റ്റ് ഇന്നിങ്സില്‍ 56 റണ്‍സാണ് വിഹാരി നേടിയത്. രവീന്ദ്ര ജഡേജയുമൊത്ത് 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സ് നേടി.
Content Highlights: Speaking to Rahul Dravid eased my nerves says Hanuma Vihari