ടൗറന്‍ഗ: പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് വീഴത്തി ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ടിം സൗത്തി. ഈ മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ സൗത്തി 300 വിക്കറ്റുകള്‍ നേടി. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ന്യൂസീലന്‍ഡ് താരം എന്ന റെക്കോഡാണ് സൗത്തി സ്വന്തമാക്കിയത്.
പാകിസ്താൻ താരം ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോഴാണ് സൗത്തി നേട്ടം സ്വന്തമാക്കിയത്. റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി (431), ഡാനിയല്‍ വെട്ടോറി (361) എന്നിവരാണ് ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ചത്.
ഒന്നാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് കെയ്ന്‍ വില്യംസണിന്റെ സെഞ്ചുറിയുടെ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ 431 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ആദ്യ ഇന്നിങ്‌സില്‍ 239 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത കിവീസ് പാകിസ്താൻ മുന്നില്‍ 373 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നില്‍ വെച്ചത്.
നാലാം ദിനം കളിയവസാനിക്കുമ്പോള്‍ പാകിസ്താൻ 71 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. അസര്‍ അലിയും ഫവാദ് ആലവുമാണ് ക്രീസില്‍. ഒരു ദിവസം ബാക്കിനില്‍ക്കെ പാകിസ്താന് ഏഴുവിക്കറ്റ് ശേഷിക്കേ 302 റണ്‍സ് വേണം എന്ന നിലയിലാണ്.
Content Highlights: Southee takes 300th wicket as New Zealand edge towards Pakistan win