എഡിന്‍ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ സോളോ എന്‍ക്വെനിക്ക് കോവിഡ്. ട്വിറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് ബാധിതനാണെന്ന് അറിയിച്ചിരിക്കുന്നത്.

ഗില്ലന്‍-ബാരെ സിന്‍ഡ്രോം ബാധിച്ച് സ്‌കോട്ട്‌ലന്‍ഡിലെ അബെര്‍ദീനില്‍ ചികിത്സയിലിരിക്കെയാണ് 25-കാരനായ എന്‍ക്വെനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും അലട്ടുന്ന എന്‍ക്വെനി കഴിഞ്ഞ ജൂലായ് മുതല്‍ ചികിത്സയിലാണ്.

പാകിസ്താന്റെ സഫര്‍ സര്‍ഫ്രാസ്, സ്‌കോട്ട്‌ലന്‍ഡിന്റെ മജീദ് ഹഖ് എന്നിവര്‍ക്കു ശേഷം കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് എന്‍ക്വെനി.

'കഴിഞ്ഞ വര്‍ഷം എനിക്ക് ജി.ബി.എസ് ബാധിച്ചു. കഴിഞ്ഞ 10 മാസമായി ഞാന്‍ ഈ രോഗവുമായി പോരാടുകയാണ്. അതിന്റെ പകുതി മാത്രമേ ഞാന്‍ പിന്നിട്ടിട്ടുള്ളൂ. പിന്നീട് ടി.ബി പിടിപെട്ടു, കരളും വൃക്കയും തകരാറിലായി. ഇപ്പോഴിതാ കോവിഡും. ഇതെല്ലാം എന്തുകൊണ്ടാണ് എനിക്ക് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല'- എന്‍ക്വെനി ട്വീറ്റ് ചെയ്തു.

2012-ല്‍ ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ച താരമാണ്.

Content Highlights: South African first-class cricketer Solo Nqweni tests positive for novel coronavirus