കേപ് ടൗണ്‍:  ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ സീന്‍ വൈറ്റ്‌ഹെഡ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് വൈറ്റ്‌ഹെഡിന്റെ റെക്കോഡ്. ദക്ഷിണാഫ്രിക്കയുടെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റില്‍ സൗത്ത് വെസ്റ്റേണ്‍ ഡിസ്ട്രിക്‌സും ഈസ്റ്റേണ്‍ സ്‌റ്റോമും തമ്മിലുള്ള മത്സരത്തിലാണ് നേട്ടം.

മത്സരത്തിന്റെ അവസാന ഇന്നിങ്‌സില്‍ ഈസ്‌റ്റേണ്‍ ടീം 186 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ വിജയത്തിന് വൈറ്റ്‌ഹെഡിന്റെ പ്രകടനം തടയിട്ടു. 36 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 10 പേരേയും പുറത്താക്കിയത്. ഇതോടെ 65 റണ്‍സിന് ഈസ്റ്റേണ്‍ ടീം ഓള്‍ഔട്ടായി. മത്സരത്തില്‍ സൗത്ത് വെസ്റ്റേണ്‍ 120 റണ്‍സിന് വിജയിക്കുകയും ചെയ്തു. 

ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്ന വൈറ്റ്‌ഹെഡ് ബാറ്റിങ്ങിലും തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സും താരം സ്വന്തമാക്കി. 2016-ലെ അണ്ടര്‍-19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടറായിരുന്നു വൈറ്റ്‌ഹെഡ്. 

115 വര്‍ഷത്തിന് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 1906-ല്‍ ഗ്രിക്യുലാന്‍ഡ് വെസ്റ്റിനെതിരായ മത്സരത്തില്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ ലെഗ് സ്പിന്നര്‍ ബെര്‍റ്റ് വോഗ്‌ളറാണ് ഒരിന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയത്. അന്ന് 26 റണ്‍സ് മാത്രമാണ് വോഗ്ലര്‍ വഴങ്ങിയത്. 

Content Highlights: South African bowler Whitehead picks up all 10 wickets in a first-class innings