കട്ടക്ക്: ടീം ഇന്ത്യയുടെ മോശം പ്രകടനത്തിൽ കുപിതരായി കാണികൾ അലങ്കോലപ്പെടുത്തിയ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് ആറു വിക്കറ്റ് ജയം. ഈ ജയത്തോടെ മൂന്നു കളികളുടെ ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ആധികാരിക വിജയമാണിത്. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്ത പേസ് ബൗളർ ആൽബി മോർക്കലാണ് കളിയിലെ കേമൻ. സ്കോർ: ഇന്ത്യ 17.2 ഓവറിൽ 92; ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 4ന് 96.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ട്വന്റി 20-യിൽ തങ്ങളുടെ രണ്ടാമത്തെ മോശം സ്കോറിനാണ്(92) പുറത്തായത്. ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്ക അനായാസം കുതിക്കുമ്പോഴാണ്  കാണികൾ ഗ്യാലറിയിൽ നിന്നും കുപ്പികളും ചെരിപ്പും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞത്. രണ്ടുവട്ടം മത്സരം നിർത്തിവെക്കേണ്ടിവന്നു. ആദ്യം നിർത്തിവെച്ച് 20 മിനിറ്റിനുശേഷം പുനരാരംഭിച്ചെങ്കിലും വീണ്ടും കുപ്പിയേറുണ്ടായതോടെ കളിക്കാർ കളം വിട്ടു. ഈ സമയത്ത് 13 ഓവറിൽ മൂന്ന് വിക്കറ്റിന് 70 എന്ന നിലയിലായിരുന്നു സന്ദർശകർ.

Cuttack T-20

 11 ഓവറിൽ മൂന്നിന് 64 എന്ന നിലയിൽ നില്ക്കെയാണ് മത്സരം ആദ്യം നിർത്തിവെച്ചത്. ഈ സമയത്ത് മത്സരം ഉപേക്ഷിച്ചാലും ഡക്ക്വർത്ത് ലൂയി നിയമപ്രകാരം ദക്ഷിണാഫ്രിക്ക ജയിക്കുമായിരുന്നു.  കൊൽക്കത്തയിൽ വ്യാഴാഴ്ച നടക്കേണ്ട മൂന്നാം മത്സരത്തിന് ഇതോടെ പ്രസക്തിയില്ലാതായി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിച്ച ജെ.പി.ഡുമിനി (30 നോട്ടൗട്ട്)യാണ് രണ്ടാമത്തെ കളിയിലും ടീമിന്റെ ടോപ് സ്കോറർ.