പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയവുമായി ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 153 റണ്‍സ് വിജയലക്ഷ്യം 29.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 47 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും 44 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമാക്കിയത്.

ഒന്നാം വിക്കറ്റില്‍ ഡി കോക്ക്-റീസ കൂട്ടുകെട്ട് 94 റണ്‍സാണ് പടുത്തുയര്‍ത്തിയത്. പിന്നീട് ഡി കോക്ക് വേഗത്തിലുള്ള സ്‌കോറിങ്ങുമായി ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചപ്പോള്‍ റീസ ഹെന്‍ഡ്രിക്‌സ് നങ്കൂരമിട്ട് കളിച്ചു. ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് മൂന്നും നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 152 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 38.1 ഓവറിലാണ് ഓസ്‌ട്രേലിയയുടെ എല്ലാവരും പുറത്തായത്. 34 റണ്‍സുമായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 33 റണ്‍സ് നേടിയ അലക്‌സ് കാരിയേയും മാറ്റി നിര്‍ത്തിയാല്‍ ഓസീസ് നിരയില്‍ ആര്‍ക്കും 20 റണ്‍സിനു മുകളില്‍ നേടാനായില്ല. 

ദക്ഷിണാഫ്രിക്കയ്ക്കായി ആന്‍ഡിലെ ഫെഹ്ലുക്വായോ മൂന്നും ഡെയിന്‍ സ്റ്റെയിന്‍, ലുങ്കി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 

Content Highlights: south africa win vs australia first ODI