കെയ്പ്ടൗണ്‍: ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടത്തിനും കംഗാരുക്കളെ രക്ഷിക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക്‌ എതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിലും ഓസീസിന് തോല്‍വി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ആദ്യമായാണ് അഞ്ചു മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ ഒറ്റ മത്സരം പോലും ജയിക്കാതെ അടിയറവെക്കുന്നത്.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് പോരാട്ടം 48.2 ഓവറില്‍ 296 റണ്‍സില്‍ അവസാനിച്ചു. അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 31 റണ്‍സ് ജയം.

വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കംഗാരുക്കള്‍ക്ക് പ്രതീക്ഷയായത് 136 പന്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറായിരുന്നു. 24 ബൗണ്ടറികളടിച്ച വാര്‍ണര്‍ 48-ാം ഓവറില്‍ റണ്ണൗട്ടായി ഒമ്പതാമനായി മടങ്ങിയതോടെ ഓസീസ് പോരാട്ടവും അവസാനിച്ചു.

David Warner
വാര്‍ണര്‍ 150ല്‍ എത്തിയപ്പോള്‍. ഫോട്ടോ: എപി.

വാര്‍ണറെ കൂടാതെ മിച്ചല്‍ മാര്‍ഷ് (35), ട്രാവിസ് ഹെഡ് (35), ആരോണ്‍ ഫിഞ്ച് (19) എന്നിവര്‍ മാത്രമാണ് ആതിഥേയ നിരയില്‍ രണ്ടക്കം കടന്നത്.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കായി 122 റണ്‍സെടുത്ത റിലീ റൂസോയും (122) ജീന്‍ പോള്‍ ഡുമിനിയുമാണ് (73) മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡേവിഡ് മില്ലര്‍ 39 റണ്‍സെടുത്തു. 

Rilee Rossouw
റൂസോയുടെ ബാറ്റിങ്. ഫോട്ടോ: എഎഫ്പി.

ഡേവിഡ് വാര്‍ണര്‍ കളിയിലെ താരമായപ്പോള്‍ റൂസോ പരമ്പരയിലെ താരമായി.