ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്നാം ഏകദിനത്തില്‍ 71 റണ്‍സിന് ലങ്കയെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ആതിഥേയര്‍ 3-0ത്തിന് മുന്നിലെത്തി. മഴ കളിച്ച മത്സരത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സടിച്ചു. ക്വിന്‍ഡണ്‍ ഡികോക്കിന്റെ സെഞ്ചുറി മികവിലായിരുന്നു ഇത്. 121 പന്തില്‍ 108 റണ്‍സാണ് ഡികോക്ക് അടിച്ചെടുത്തത്. വാന്‍ ഡെര്‍ ഡസ്സന്‍ (50), ഡേവിഡ് മില്ലര്‍ (41), ഫെഹ്ലുകായോ (38*), ഫാഫ് ഡു പ്ലെസിസ് (36) പ്രിറ്റോറ്യൂസ് (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ലങ്കയ്ക്ക് വേണ്ടി ഇസുരു ഉഡാന രണ്ട് വിക്കറ്റ് വീഴ്ത്തി. 

പിന്നീട് ലങ്കയുടെ ഇന്നിങ്‌സിന് മുമ്പ് മഴ പെയ്തതോടെ അവരുടെ വിജയലക്ഷ്യം 24 ഓവറില്‍ 193 റണ്‍സെന്ന നിലിയിലേക്ക് പുതുക്കി നിശ്ചയിച്ചു. പക്ഷേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ ലങ്കയ്ക്ക് കഴിഞ്ഞുള്ളു. 31 പന്തില്‍ 41 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഇമ്രാന്‍ താഹിര്‍ രണ്ട് വിക്കറ്റെടുത്തു.

 

Content Highlights: South Africa vs Sri Lanka 3rd ODI