രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക


ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു

Photo: twitter.com/ICC

പാള്‍:ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ ആറിന് 287. ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്നിന് 288

91 റണ്‍സെടുത്ത ജാനേമാന്‍ മലാന്റെയും 78 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെയും തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ അനായാസ വിജയം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പ്രോട്ടീസ് പരമ്പരയില്‍ മുത്തമിട്ടു. കഴിഞ്ഞ തവണ ഇന്ത്യ പര്യടനം നടത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കൈവിട്ടിരുന്നു. അതിനുള്ള മധുരപ്രതികാരമായി ഈ വിജയം. നേരത്തേ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയും ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ജാനേമാന്‍ മലാനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഡി കോക്കായിരുന്നു കൂടുതല്‍ അപകടകാരി. ഇന്ത്യന്‍ ബൗളരര്‍മാരെ അനായാസം നേരിട്ട ഡി കോക്ക് ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ മലാനും അര്‍ധശതകം നേടി.

ഒടുവില്‍ തകര്‍ത്തടിച്ച ഡി കോക്കിനെ ശാര്‍ദൂല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 66 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 78 റണ്‍സെടുത്ത ശേഷമാണ് ഡി കോക്ക് ക്രീസ് വിട്ടത്. ഡി കോക്കിന് പകരം നായകന്‍ തെംബ ബാവുമ ക്രീസിലെത്തി.

ബാവുമയും നന്നായി കളിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. മലാനും ബാവുമയും ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ സ്‌കോര്‍ 212-ല്‍ നില്‍ക്കേ മലാനെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു.

108 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 91 റണ്‍സെടുത്ത മലാനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചാണ് താരം ക്രീസ് വിട്ടത്. ബാവുമയ്‌ക്കൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മലാന്‍ ഡി കോക്കിനൊപ്പം 132 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

മലാന് പകരം എയ്ഡന്‍ മാര്‍ക്രം ബാവുമയ്ക്ക് കൂട്ടായി ക്രീസിലെത്തി. എന്നാല്‍ മലാന് പിന്നാലെ ബാവുമയുടെയും വിക്കറ്റെടുത്ത് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 36 പന്തുകളില്‍ നിന്ന് 35 റണ്‍സെടുത്ത ബാവുമയെ ചാഹല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 212 ന് ഒന്ന് എന്ന നിലയില്‍ നിന്ന് 214 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ബാവുമയ്ക്ക് പകരം റാസി വാന്‍ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും മാര്‍ക്രവും ചേര്‍ന്ന് 41.1 ഓവറില്‍ ടീം സ്‌കോര്‍ 250 കടത്തി. വൈകാതെ ഇരുവരും ചേര്‍ന്ന് ആതിഥേയരെ വിജയത്തിലെത്തിച്ചു. ഡ്യൂസനും മാര്‍ക്രവും 37 റണ്‍സ് വീതമെടുത്ത് പുറത്താവാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ ഠാക്കൂര്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. 85 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും 55 റണ്‍സ് നേടിയ നായകന്‍ കെ.എല്‍.രാഹുലിന്റെയും വാലറ്റത്ത് പൊരുതിയ ശാര്‍ദൂല്‍ ഠാക്കൂറിന്റെയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെ.എല്‍.രാഹുലും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 38 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്ത ധവാനെ മടക്കി എയ്ഡന്‍ മാര്‍ക്രം ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. മാര്‍ക്രത്തിന്റെ പന്തില്‍ സിസാന്‍ഡ മഗാലയ്ക്ക് ക്യാച്ച് സമ്മാനിച്ച് ധവാന്‍ മടങ്ങി.

ധവാന് പകരം ക്രീസിലെത്തിയ വിരാട് കോലി പെട്ടെന്ന് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. റണ്‍സെടുക്കും മുന്‍പ് കോലിയെ തെംബ ബാവുമയുടെ കൈയ്യിലെത്തിച്ച് കേശവ് മഹാരാജ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഇതോടെ ഇന്ത്യ 64 ന് രണ്ട് എന്ന സ്‌കോറിലേക്ക് വീണു.

കോലിയ്ക്ക് പകരം ഋഷഭ് പന്ത് ക്രീസിലെത്തിയതോടെ ഇന്ത്യ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ബൗളര്‍മാരെ കൂസാതെ ബാറ്റിങ് ആരംഭിച്ച പന്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. രാഹുല്‍ പന്തിന് സിംഗിളുകള്‍ നല്‍കി നന്നായി പിന്തുണച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. 27 ഓവറിലാണ് ടീം സ്‌കോര്‍ 150 കടന്നത്. പിന്നാലെ ഋഷഭ് പന്ത് അര്‍ധസെഞ്ചുറി നേടി. 43 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. പന്ത് ആക്രമിച്ച് കളിച്ചപ്പോള്‍ രാഹുല്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. വൈകാതെ രാഹുലും അര്‍ധസെഞ്ചുറി നേടി. 71 പന്തുകളില്‍ നിന്നാണ് രാഹുല്‍ അര്‍ധശതകം കുറിച്ചത്. താരത്തിന്റെ കരിയറിലെ പത്താം ഏകദിന അര്‍ധശതകമാണിത്. അര്‍ധശതകം നേടിയ ശേഷം ആക്രമണത്തിന് ശക്തി കൂട്ടിയ പന്ത് തലങ്ങും വിലങ്ങും ബൗണ്ടറികള്‍ പായിച്ച് മുന്നേറി. വൈകാതെ ഇരുവരും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

എന്നാല്‍ രാഹുലിനെ പുറത്താക്കി സിസാന്‍ഡ മലാഗ ഈ കൂട്ടുകെട്ട് പൊളിച്ചു. 79 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളുടെ സഹായത്തോടെ 55 റണ്‍സെടുത്ത രാഹുലിനെ മഗാല വാന്‍ ഡ്യൂസന്റെ കൈയ്യിലെത്തിച്ചു. രാഹുലിന് പിന്നാലെ പന്തും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

71 പന്തുകളില്‍ നിന്ന് പത്ത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 85 റണ്‍സെടുത്ത പന്തിനെ തബ്‌റൈസ് ഷംസി എയ്ഡന്‍ മാര്‍ക്രത്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ വന്ന ശ്രേയസ്സ് അയ്യരും വെങ്കടേഷ് അയ്യരും നിരാശപ്പെടുത്തി.

11 റണ്‍സ് മാത്രമെടുത്ത ശ്രേയസിനെ ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ 22 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തില്‍ മിന്നല്‍ സ്റ്റംപിങ്ങിലൂടെ ഡി കോക്ക് പുറത്താക്കി. ഇതോടെ ഇന്ത്യ 239 ന് ആറ് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച ശാര്‍ദൂല്‍ ഠാക്കൂറും രവിചന്ദ്ര അശ്വിനും ചേര്‍ന്നാണ് ടീം സ്‌കോര്‍ 280 കടത്തിയത്. ശാര്‍ദൂല്‍ തുടര്‍ച്ചായ രണ്ടാം മത്സരത്തിലും ബാറ്റിങ് മികവ് പുലര്‍ത്തി. ശാര്‍ദൂല്‍ 38 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്തും അശ്വിന്‍ 25 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്‌റൈസ് ഷംസി രണ്ടുവിക്കറ്റെടുത്തപ്പോള്‍ സിസാന്‍ഡ മഗാല, എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, ആന്‍ഡിലെ ഫെലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: south africa vs india 2nd odi score updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022

More from this section
Most Commented