പോര്‍ട്ട് എലിസബത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ ആറു വിക്കറ്റിന് തോല്പിച്ച് ദക്ഷിണാഫ്രിക്ക നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒപ്പമെത്തി (1-1). രണ്ടിന്നിങ്സിലും അഞ്ചു വിക്കറ്റ് പ്രകടനം സ്വന്തമാക്കിയ ഫാസ്റ്റ്ബൗളര്‍ കഗീസോ റബാദയും ഉജ്ജ്വലമായി ബാറ്റുചെയ്ത മുന്‍നായകന്‍ എ.ബി. ഡിവില്ലിയേഴ്സുമാണ്  (126*, 28) പ്രോട്ടീസിന്റെ ഹീറോമാര്‍. രണ്ടിന്നിങ്സിലുമായി 150 റണ്‍സ് വിട്ടുകൊടുത്ത് 11 വിക്കറ്റ് സ്വന്തമാക്കിയ റബാദ കളിയിലെ കേമനായി. സ്‌കോര്‍: ഓസ്ട്രേലിയ 243, 239; ദക്ഷിണാഫ്രിക്ക 382, 4-ന് 102. 

ഒന്നാമിന്നിങ്സില്‍ 139 റണ്‍സിന് പിറകിലായ ഓസീസിന് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ 180 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റ് നഷ്ടമായിരുന്നു. നാലാം നാള്‍ 59 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ശേഷിച്ച അഞ്ചു വിക്കറ്റും വീണു. മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ ഉസ്മാന്‍ ഖവാജ (75), മിച്ചല്‍ മാര്‍ഷ് (45), ടിം പെയ്ന്‍ (28*) എന്നിവര്‍ മാത്രമാണ് പൊരുതിനിന്നത്. മൂന്നാം നാള്‍ മൂന്നു വിക്കറ്റുവീഴ്ത്തിയ റബാഡ നാലാം നാള്‍ മൂന്നെണ്ണംകൂടി സ്വന്തമാക്കി ഇന്നിങ്സില്‍ ആറു വിക്കറ്റിനുടമയായി. ജയിക്കാന്‍ 101 റണ്‍സ് മതിയായിരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിവസം ചായയ്ക്കുമുന്‍പ് നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെപേരില്‍ അച്ചടക്കനടപടി നേരിടുന്ന റബാദ ഏറക്കുറെ ഒറ്റയ്ക്കാണ് ഓസീസിന്റെ പ്രതിരോധം തകര്‍ത്തത്. 28 ടെസ്റ്റ് മാത്രം കളിച്ച റബാദയുടെ കരിയറിലെ നാലാമത്തെ 10 വിക്കറ്റ് നേട്ടമാണ് തിങ്കളാഴ്ചത്തേത്. നാലോ അതില്‍ക്കൂടുതലോ തവണ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍കൂടിയായി ഈ 22-കാരന്‍. ഡെയ്ല്‍ സ്റ്റെയ്ന്‍ (5), മഖായ എന്‍ടിനി (4) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു രണ്ടുപേര്‍. 

ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് പുറത്തായി മടങ്ങുമ്പോള്‍ തോളുകൊണ്ട് തട്ടിയതിന് അച്ചടക്കനടപടി നേരിടുകയാണ് റബാദ. ഉശിരന്‍ പ്രകടനത്തിലൂടെ കളിയിലെ കേമനായി റബാദ തിരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹത്തിനെതിരെയുള്ള അച്ചടക്ക നടപടി പ്രഖ്യാപനം മാച്ച് റഫറി ജെഫ് ക്രോ ഒരു ദിവസത്തേക്ക് നീട്ടിവെച്ചു.

Content Highlights: South Africa vs Australia Second Cricket Test Kagiso Rabada