കൊളംബോ: ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തില്‍ പത്തുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ എട്ടിന് 120. ദക്ഷിണാഫ്രിക്ക 14.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121.

ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര 3-0 ന് തൂത്തുവാരി. സന്ദര്‍ശകരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡി കോക്ക് മത്സരത്തിലെയും പരമ്പരയുടെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 39 റണ്‍സെടുത്ത കുശാല്‍ പെരേരയ്ക്കും 24 റണ്‍സെടുത്ത ചമിക കരുണരത്‌നെയ്ക്കും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യോണ്‍ ഫോര്‍ച്യൂയിന്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍മാര്‍ തന്നെ വിജയം സമ്മാനിച്ചു. 46 പന്തുകളില്‍ നിന്നും പുറത്താവാതെ 59 റണ്‍സെടുത്ത ഡി കോക്കും 42 പന്തുകളില്‍ നിന്നും പുറത്താവാതെ 56 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സും ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചു. 

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഈ പരമ്പര വിജയം വലിയ ആത്മവിശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്. 

Content Highlights: South Africa Thrash Sri Lanka By 10 Wickets To Sweep Series 3-0