ജോഹന്നാസ്ബര്‍ഗ്: നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക. ജോഹന്നാസ്ബര്‍ഗില്‍ നടന്ന ടെസ്റ്റില്‍ 492 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 3-1ന് സ്വന്തമാക്കി. 

മൂന്നിന് 88 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം കളി തുടങ്ങിയ ഓസ്‌ട്രേലിയ 119 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്താകുകയായിരുന്നു. 31 റണ്‍സിനിടയിലാണ് ഓസീസിന്റെ ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. രണ്ടാം ഇന്നിങ്‌സില്‍ 13 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത ഫിലാന്‍ഡറാണ് ദക്ഷിണാഫ്രിക്കയുടെ വിജയം എളുപ്പമാക്കിയത്.

അഞ്ചാം ദിവസം മാര്‍ഷ് സഹോദരന്‍മാരെ പുറത്താക്കി തുടങ്ങിയ ഫിലാന്‍ഡര്‍ 200-ാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി.അവസാന ദിവസത്തെ ഏഴു വിക്കറ്റുകളില്‍ ആറെണ്ണവും വീഴ്ത്തയത് ഫിലാന്‍ഡറായിരുന്നു. 42 റണ്‍സെടുത്ത ബേണ്‍സാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍. ഹാന്‍ഡ്‌സ്‌കോമ്പ് 24 റണ്‍സെടുത്തപ്പോള്‍ ബാക്കി എട്ടു ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്തായി.

നേരത്തെ സെഞ്ചുറി നേടിയ മര്‍ക്രാമിന്റെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 488 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 221 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീതമെടുത്ത റബാദയും ഫിലാന്‍ഡറുമാണ് ദക്ഷിണാഫ്രിക്കയ്ക്ക ്‌ലീഡ് സമ്മാനിച്ചത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സ് ആറു വിക്കറ്റിന് 344 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക 612 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസിന് മുന്നില്‍ വെയ്ക്കുകയായിരുന്നു. 

Content Highlights: South Africa Test Series Win vs Australia Cricket