ക്യൂന്‍സ്‌ലാന്‍ഡ്: ലോകത്തെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കന്‍ താരം കാഗിസോ റബാദ. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ക്യൂന്‍സ്‌ലാന്‍ഡില്‍ നടന്ന ടിട്വന്റി മത്സരത്തില്‍ റബാദെ എറിഞ്ഞ വിചിത്രമായൊരു പന്തിനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. ഈ മോശം പന്തിന്റെ പേരില്‍ റബാദയെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവരും നിരവധിയാണ്.

ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിന്റെ ഒമ്പതാം ഓവറിലാണ് സംഭവം. റണ്ണപ്പെടുത്ത് പന്ത് എറിയാനൊരുങ്ങിയ റബാദയ്ക്ക് പന്തിന്‍മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും പന്ത് റോക്കറ്റ് പോലെ മുകളിലേക്ക് പോകുകയുമായിരുന്നു. കൈയില്‍ നിന്ന് തെറിച്ചു പോയ ഈ പന്തെത്തിയത് ഗള്ളിയില്‍ നില്‍ക്കുന്ന ഫീല്‍ഡറുടെ കൈകളിലേക്കാണ്. 

പന്തിന്റെ ഈ പോക്ക് കണ്ട് റബാദ വരെ ചിരിച്ചു. ഇത് എന്താണ് സംഭവിച്ചതെന്ന് കൈ കൊണ്ട് റബാദെ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. ക്രീസിലുണ്ടായിരുന്ന ഓസീസ് താരം മാക്‌സ്‌വെല്ലിനും ചിരിയടക്കാനായില്ല. അമ്പയര്‍ ഡെഡ് ബോളും വിളിച്ചു. ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളില്‍ ഒന്നായാണ് ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്. 

ഈ ടിട്വന്റിയില്‍ ദക്ഷിണാഫ്രിക്ക 21 റണ്‍സിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. പരമ്പരയിലെ ഏക ടിട്വന്റി ആയിരുന്നു ഇത്. മഴ മൂലം 10 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 108 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Content Highlights: South Africa's Kagiso Rabada's Delivery Against Australia Called dead Ball