ലണ്ടന്‍: ട്വന്റി 20 ക്രിക്കറ്റിലെ റെക്കോഡ് ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ താരം.

വെറും 18 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ കോളിന്‍ അക്കര്‍മാന്‍ ട്വന്റി 20-യിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സ്വന്തമാക്കി. ഇംഗ്ലീഷ് കൗണ്ടിയിലെ വിറ്റാലിറ്റി ബ്ലാസ്റ്റ് ട്വന്റി 20 ലീഗിലാണ് അക്കര്‍മാന്റെ ഈ പ്രകടനം.

ലെസ്റ്റര്‍ഷെയയറിന്റെ 28-കാരനായ താരം ബര്‍മിങ്ങാം ബിയേഴ്‌സിനെതിരായ മത്സരത്തിലാണ് ഈ റെക്കോഡ് പ്രകടനം പുറത്തെടുത്തത്. ബര്‍മിങ്ങാമിന്റെ മൈക്കല്‍ ബര്‍ഗസ്, സാം ഹെയ്ന്‍, വില്‍ റോഡ്‌സ്, ലിയാം ബാങ്ക്‌സ്, അലക്‌സ് തോംസണ്‍, ഹെന്‍ റി ബ്രൂക്ക്‌സ്, ജീതന്‍ പട്ടേല്‍ എന്നിവരെയാണ് അക്കര്‍മാന്‍ മടക്കിയത്.

2011-ല്‍ അഞ്ചു റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത മലേഷ്യന്‍ താരം അരുള്‍ സുപ്പയ്യയുടെ റെക്കോഡാണ് അക്കര്‍മാന്‍ മറികടന്നത്. സോമര്‍സെറ്റിന്റെ താരമായിരുന്ന അരുള്‍, ഗ്ലാംമോര്‍ഗനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

South Africa’s Colin Ackermann shatters T20 World Record

മത്സരത്തില്‍ ലെസ്റ്റര്‍ഷെയയറി 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബര്‍മിങ്ങാം ബിയേഴ്‌സ് 134 റണ്‍സിന് പുറത്തായി. ആദ്യ രണ്ട് ഓവറില്‍ തന്നെ അക്കര്‍മാന്‍ ആറു വിക്കറ്റ് വീഴ്ത്തിയിരുന്നു. അക്കര്‍മാന്റെ പ്രകടനത്തില്‍ അവസാന എട്ടു വിക്കറ്റുകള്‍ വെറും 20 റണ്‍സിനാണ് ബര്‍മിങ്ങാമിന് നഷ്ടമായത്.

Content Highlights: South Africa’s Colin Ackermann shatters T20 World Record