മുംബൈ: തുടര്‍ച്ചയായ പരിക്കുകള്‍ മൂലം വലയുന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റ് മതിയാക്കുന്നു. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സ്റ്റെയ്ന്‍ വ്യക്തമാക്കി. 

മുംബൈയില്‍ ഒരു പ്രമോഷണല്‍ പരിപാടിക്കിടെയാണ് സ്റ്റെയ്ന്‍ മനസ്സ് തുറന്നത്. 'ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വാസം. പക്ഷേ അതിന് ശേഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഞാനുണ്ടാകില്ല. 2023ലെ ലോകകപ്പാകുമ്പോഴേക്ക് എനിക്ക് 40 വയസ്സാകും' സ്‌റ്റെയ്ന്‍ വ്യക്തമാക്കി. 

തന്റെ പരിചയസമ്പത്ത് ലോകകപ്പിനുള്ള ടീമില്‍ ഇടം നേടിത്തരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സ്റ്റെയ്ന്‍ പറഞ്ഞു. നിങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ലൈന്‍ അപ് നോക്കൂ, മുന്‍നിരയിലെ ആറു ബാറ്റ്‌സ്മാന്‍മാരെല്ലാവരും ചേര്‍ന്ന്‌ ആയിരത്തിലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പക്ഷേ എട്ടു മുതല്‍ 11 വരെ ലൈനപ്പിലുള്ള താരങ്ങളാകെ 150 മത്സരങ്ങള്‍ പോലും കളിച്ചിട്ടില്ല. 

അതേസമയം എനിക്ക് അനുഭവസമ്പത്തുണ്ട്. അതെനിക്ക് ലോകകപ്പ് ടീമില്‍ ഇടം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴും കളിച്ചില്ലെങ്കിലും എന്റെ പരിചയസമ്പത്ത് എന്നെ സഹായിക്കുമെന്നാണ് കരുതുന്നത്. സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Content hIGHLIGHTS: South Africa pacer Dale Steyn to bid adieu to limited overs cricket after 2019 WC