Photo: https://twitter.com/ICC
സെഞ്ചൂറിയൻ: ട്വന്റി 20 ക്രിക്കറ്റിൽ പിന്തുടർന്ന് ജയിക്കുന്നതിൽ റെക്കോഡിട്ട് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ രണ്ടാംമത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് ദക്ഷിണാഫ്രിക്ക ചരിത്രം സൃഷ്ടിച്ചത്.
44 പന്തിൽ സെഞ്ചുറി നേടിയ ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. നേരത്തേ 46 പന്തിൽ 118 റൺസെടുത്ത ജോൺസൺ ചാൾസിന്റെ തകർപ്പൻപ്രകടനമാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സ്കോർ: വെസ്റ്റ് ഇൻഡീസ്- 20 ഓവറിൽ അഞ്ചിന് 258. ദക്ഷിണാഫ്രിക്ക -18.5 ഓവറിൽ നാലിന് 259. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1-ന് തുല്യതയിലാണ്. നേരത്തേ ബൾഗേറിയക്കായിരുന്നു ട്വന്റി-20 ക്രിക്കറ്റിൽ പിന്തുടർന്ന് ജയിച്ചതിന്റെ റെക്കോഡ്. സെർബിയക്കെതിരേ കഴിഞ്ഞവർഷം ജൂണിൽനടന്ന മത്സരത്തിൽ 243 റൺസ് വിജയലക്ഷ്യം രണ്ടുപന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റിന് 246 റൺസെടുത്ത് മറികടന്നാണ് ബൾഗേറിയ റെക്കോഡ് സൃഷ്ടിച്ചിരുന്നത്.
വെസ്റ്റ് ഇൻഡീസിനായി 46 പന്തിൽ 11 സിക്സും 10 ഫോറുകളും ഉൾപ്പടെയാണ് ചാൾസ് 118 റൺസെടുത്തത്. 23 പന്തിൽനിന്ന് താരം അർധ സെഞ്ചുറി കണ്ടെത്തിയിരുന്നു. കെയ്ൽ മയേഴ്‌സ് (51) അർധസെഞ്ചുറി നേടി. രണ്ടാംവിക്കറ്റിൽ ചാൾസ്-മയേഴ്‌സ് കൂട്ടുകെട്ട് 58 പന്തിൽ 135 റൺസെടുത്തു. റൊമാരിയോ ഷെപ്‌ഹെർഡ് (41) തിളങ്ങി.
ദക്ഷിണാഫ്രിക്കക്കായി ഓപ്പണർ ഡികോക്ക് 44 പന്തിൽ എട്ട് സിക്സും ഒമ്പത് ഫോറുകളും നേടിയാണ് 100 റൺസ് കുറിച്ചത്. 15 പന്തിൽ അർധസെഞ്ചുറി കണ്ടെത്തിയിരുന്നു. മറ്റൊരു ഓപ്പണർ റീസ ഹെൻഡ്രിക്സ് 68 റൺസെടുത്തു. ഇരുവരും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 65 പന്തിൽ 152 റൺസെടുത്തു. എയ്ഡൻ മാക്രം (38*) പുറത്താകാതെ നിന്നു.
Content Highlights: South Africa completes highest successful run chase in T20 Internationals with 259
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..