ഈസ്റ്റ് ലണ്ടന്‍: അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഒരു റണ്ണിനാണ് ഒന്നാം ട്വന്റി-20 യില്‍ ദക്ഷിണാഫ്രിക്കയുടെ ജയം. നിര്‍ണായകമായ അവസാന ഓവര്‍ പ്രതിരോധിക്കുകയും മൂന്ന് വിക്കറ്റെടുക്കുകയും ചെയ്ത ലുംഗി എന്‍ഗിഡിയാണ് കളിയിലെ താരം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 177; ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴിന് 176.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക, ഓപ്പണര്‍ ടെംബ ബാവുമ (43), ക്വിന്റണ്‍ ഡി കോക്ക് (31), റാസി വാന്‍ ഡര്‍ ദസ്സന്‍ (31) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ജാസണ്‍ റോയ് (70) ഒയിന്‍ മോര്‍ഗന്‍ (52) എന്നിവരുടെ മികവില്‍ അനായാസ ജയത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍, അവസാന ഓവറില്‍ എന്‍ഗിഡി മത്സരം ഇംഗ്ലണ്ടില്‍ നിന്ന് പിടിച്ചെടുത്തു.
അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ഏഴ് റണ്‍സ് മാത്രം മതിയായിരുന്നു. ആദ്യ പന്തില്‍ ടോം കറന്‍ രണ്ട് റണ്‍സെടുത്തു. അടുത്ത പന്തില്‍ കറന്‍ പുറത്തായി. മൂന്നാം പന്തില്‍ റണ്ണെടുക്കാതിരുന്ന മോയീന്‍ അലി നാലാമത്തെ പന്തില്‍ രണ്ട് റണ്‍സെടുത്തു. അഞ്ചാം പന്തില്‍ എന്‍ഗിഡി അലിയെ ബൗള്‍ഡാക്കി. അവസാന പന്തില്‍ ഇംഗ്ലണ്ടിന് മൂന്ന് റണ്‍സ് വേണമായിരുന്നു. ക്രീസില്‍ ആദില്‍ റാഷിദും. ആറാം പന്തില്‍ ലെഗ് സൈഡിലേക്കടിച്ച ഡബിള്‍ ഓടാന്‍ ശ്രമിച്ച റാഷിദ് റണ്ണൗട്ടായി. ഇതോടെ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന്റെ ജയം സ്വന്തമാക്കി.
Content Highlights: South Africa claim one run victory against England