Photo: AFP
പോച്ച്‌ഷെഫ്‌സ്ട്രൂം: ഏകദിനത്തില്‍ 'ട്വന്റി 20 കളിച്ച്' തകര്‍ത്തടിച്ച് ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ആതിഥേയരായ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന്റെ വിജയം നേടി. വിന്‍ഡീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യം വെറും 29.3 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 48.2 ഓവറില്‍ 260 ന് പുറത്ത്, ദക്ഷിണാഫ്രിക്ക 29.3 ഓവറില്‍ ആറിന് 264.
ഇതോടെ പരമ്പര സമനിലയിലായി. ആദ്യ മത്സരം മഴ അപഹരിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചിരുന്നു. ദക്ഷിണാഫ്രിക്ക മൂന്നാം മത്സരത്തില്‍ വിജയിച്ചതോടെ പരമ്പര 1-1 ആയി അവസാനിച്ചു. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഹെയ്ന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയ്ക്ക് അതിവേഗം വിജയം സമ്മാനിച്ചത്. മത്സരത്തിലെയും പരമ്പരയുടെയും താരമായി ഹെന്റിച്ച് ക്ലാസനെ തിരഞ്ഞെടുത്തു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 261 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്ലാസന്‍ വെറും 61 പന്തില്‍ 15 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 119 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒരു ഘട്ടത്തില്‍ 87 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട പ്രോട്ടീസിനെ ക്ലാസന്‍ ഒറ്റയ്ക്ക് രക്ഷിക്കുകയായിരുന്നു.
43 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സണ്‍ താരത്തിന് മികച്ച പിന്തുണ സമ്മാനിച്ചു. നായകന്‍ എയ്ഡന്‍ മാര്‍ക്രം 25 റണ്‍സ് നേടി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അകിയല്‍ ഹൊസെയ്ന്‍ രണ്ട് വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനായി 72 റണ്‍സെടുത്ത ബ്രാന്‍ഡണ്‍ കിങ്ങാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 39 റണ്‍സെടുത്ത നിക്കോളാസ് പുരാനും 36 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പ്രോട്ടീസിനായി മാര്‍ക്കോ യാന്‍സണ്‍, ഇമാദ് ഫോര്‍ട്യുയിന്‍, ജെറാള്‍ഡ് കോട്‌സി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: south africa beat west indies by 4 wickets in third odi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..