സെഞ്ചൂറിയന്‍: ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ശ്രീലങ്കയെ അഞ്ചു മത്സരങ്ങളിലും തകര്‍ത്ത് ദക്ഷിണാഫ്രിക്ക കരുത്തുകാട്ടി (5-0). അഞ്ചാം മത്സരത്തില്‍ 88 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. സമ്പൂര്‍ണ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിങ്ങില്‍ ഒന്നാമന്മാരായി.
ഓപ്പണര്‍മാരായ ഹാഷിം അംലയും (154), ക്വിന്റണ്‍ ഡി കോക്കും (109) 384 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചു. ലങ്കയ്ക്കുവേണ്ടി ഗുണരത്നെ (114 നോട്ടൗട്ട്) സെഞ്ചുറി നേടിയെങ്കിലും അവരുടെ പോരാട്ടം 296 റണ്‍സിലൊതുങ്ങി. അംല കളിയിലെ താരമായപ്പോള്‍ ഫാഫ് ഡുപ്ലെസിയാണ് പരമ്പരയുടെ താരം. സ്കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 6-ന് 384; ശ്രീലങ്ക 50 ഓവറില്‍ 8-ന് 296.
ടോസ് നേടി ലങ്ക ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 26.3 ഓവറില്‍ 187 റണ്‍സ് വാരി ഓപ്പണര്‍മാര്‍ ആതിഥേയര്‍ക്ക് ഉജ്ജ്വല തുടക്കം സമ്മാനിച്ചു. ഡുപ്ലെസിയും (41) ഫര്ഹാന് ബെഹാര്ഡിയനും (32) അവസാന ഓവറുകളില്‍ നടത്തിയ വമ്പനടികളോടെ ടീം കൂറ്റന്‍ സ്കോറിലെത്തി. ലങ്കക്കെയ്തിരെ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന സ്കോറാണിത്.
നാലാം മത്സരത്തില്‍ നേടിയ 367 റണ്‍സാണ് മറികടന്നത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 350 റണ്‍സിന്റെ മുകളില്‍ കടക്കുന്ന ടീമെന്ന റെക്കോഡും ദക്ഷിണാഫ്രിക്കയുടെ പേരിലായി. 24-ാം തവണയാണ് ദക്ഷിണാഫ്രിക്ക 350-ന് മുകളില്‍ നേടുന്നത്. ഇന്ത്യയുടെ (23 തവണ 350) റെക്കോഡാണ് പഴങ്കഥയാക്കിയത്.
ശ്രീലങ്കയ്ക്കുവേണ്ടി സെഞ്ചുറി നേടിയ ഗുണരത്നെക്കു പുറമേ സച്ചിത് പതിരാനയും (56) നിരോഷന്‍ ഡിക്ക്വേലയും (39) തിളങ്ങി. എന്നാല്‍, മറ്റു താരങ്ങളില്‍നിന്ന് ബാറ്റിങ്ങില്‍ കാര്യമായ സംഭാവന ലഭിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്രിസ് മോറിസ് നാലും വെയ്ന്‍ പാര്‍നല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..