കേപ്ടൗണ്‍: ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡീന്‍ എല്‍ഗറാണ് നായകന്‍. സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, ലുങ്കി എന്‍ഗിഡി തുടങ്ങിയവര്‍ ടീമിലിടം നേടി. 

പേസ് ബൗളര്‍ ഡുവാനെ ഒലിവറെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. രണ്ട് വര്‍ഷത്തിനുശേഷമാണ് ഒലിവറെ ടീമിലേക്ക് തിരഞ്ഞെടുത്തത്. 2019 ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ഒലിവര്‍ അവസാനമായി ദക്ഷിണാഫ്രിക്കന്‍ കുപ്പായമണിഞ്ഞത്. 

പുതുമുഖ താരങ്ങളായ ബൗളര്‍ സിസാന്‍ഡ മഗാല, ബാറ്റര്‍ റയാന്‍ റിക്കെല്‍ത്തോണ്‍ എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പരയാണിത്. 

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ സെഞ്ചൂറിയനില്‍ നടക്കും. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല്‍ ഏഴുവരെയും (ജോഹന്നാസ്ബര്‍ഗ്), മൂന്നാം ടെസ്റ്റ് ജനുവരി 11 മുതല്‍ 15 വരെയും (കേപ്ടൗണ്‍) നടക്കും. 

ദക്ഷിണാഫ്രിക്കന്‍ ടീം: ഡീന്‍ എല്‍ഗര്‍ (നായകന്‍), തെംബ ബാവുമ (സഹനായകന്‍), ക്വിന്റണ്‍ ഡി കോക്ക്, കഗിസോ റബാദ, സാറെല്‍ ഇര്‍വി, ബ്യൂറാന്‍ ഹെന്റിക്‌സ്, ജോര്‍ജ് ലിന്‍ഡെ, ലുങ്കി എന്‍ഗിഡി, എയ്ഡന്‍ മാര്‍ക്രം, വിയാന്‍ മള്‍ഡര്‍, ആന്റിച്ച് നോര്‍ക്യെ, കീഗാന്‍ പീറ്റേഴ്‌സണ്‍, റാസ്സി വാന്‍ ഡെര്‍ ഡ്യൂസ്സന്‍, കൈല്‍ വെറെയ്‌നെ, മാര്‍ക്കോ ജാന്‍സണ്‍, ഗ്ലെന്റണ്‍ സ്റ്റൂര്‍മാന്‍, പ്രെനെലാന്‍ സുബ്രായെന്‍, സിസാന്‍ഡ മലാഗ, റയാന്‍ റിക്കെല്‍ട്ടണ്‍, ഡുവാലെ ഒലിവര്‍. 

Content Highlights: South Africa announce 21-player strong squad for India series