Photo: AFP
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
വലംകൈയര് മീഡിയം പേസ് ബൗളറും ബാറ്ററുമായ മോറിസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്. ഇനി പരിശീലകന്റെ കുപ്പായമണിയാനാണ് മോറിസിന്റെ തീരുമാനം. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ക്ലബ്ബായ ടൈറ്റന്‍സിന്റെ പരിശീലകനായി മോറിസ് സ്ഥാനമേല്‍ക്കും.
'ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്. എന്നോടൊപ്പം ഈ യാത്രയില്‍ കൂടെ നിന്ന ഏവര്‍ക്കും നന്ദി. ഈ യാത്ര അതിമനോഹരമായിരുന്നു. ടൈറ്റന്‍സിന്റെ പരിശീലകനാകുന്നതില്‍ സന്തോഷമുണ്ട്'- മോറിസ് കുറിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച മോറിസ് 459 റണ്‍സും 12 വിക്കറ്റും നേടിയിട്ടുണ്ട്. 42 ഏകദിനങ്ങളില്‍ നിന്ന് 48 വിക്കറ്റും 1756 റണ്‍സും നേടിയ മോറിസ് 23 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 697 റണ്‍സും 34 വിക്കറ്റും സ്വന്തമാക്കി.
34 കാരനായ മോറിസ് 2012-ലാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മിന്നും താരങ്ങളിലൊരാളാണ് മോറിസ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലേറ്റവും വിലയേറിയ താരമാണ് മോറിസ്. 2021 ഐ.പി.എല്ലില്‍ 16.25 കോടി രൂപ മുടക്കിയാണ് മോറിസിനെ രാജസ്ഥാന് റോയല്‍സ് ടീമിലെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും മോറിസ് ഐ.പി.എല്ലില്‍ കളിച്ചിട്ടുണ്ട്.
Content Highlights: South Africa All-Rounder Chris Morris Announces Retirement From All Forms Of Cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..