Image Courtesy: Getty Images
ന്യൂഡൽഹി: ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനായിരുന്നു നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ സൗരവ് ഗാംഗുലി.
ഈ റെക്കോഡുമായാണ് അദ്ദേഹം 2008-ലെ ഐ.പി.എൽ ഉദ്ഘാടന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ചത്. എന്നാൽ ഗാംഗുലിയുടെ ക്യാപ്റ്റൻസി നൈറ്റ് റൈഡേഴ്സിനെ യാതൊരു വിധത്തിലും സഹായിച്ചില്ല. മാത്രമല്ല ആദ്യ സീസണിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത ടീം ഫിനിഷ് ചെയ്തത്.
ഇതോടെ രണ്ടാം സീസണിൽ കൊൽക്കത്ത പരിശീലകനായിരുന്ന ജോൺ ബുക്കാനൻ ടീമിന്റെ ക്യാപ്റ്റൻസി ബ്രെണ്ടൻ മക്കല്ലത്തിനും ഗാംഗുലിക്കുമായി വേർതിരിച്ച് നൽകി. ആ തീരുമാനം കൊണ്ടും ഫലമുണ്ടായില്ല. ആ സീസണിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഇതോടെ ബുക്കാനന്റെ പണി തെറിക്കുകയും ചെയ്തു. ഇപ്പോഴിതാ സൗരവ് ഗാംഗുലി ട്വന്റി 20 ഫോർമാറ്റിന് യോജിച്ച താരമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബുക്കാനൻ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഗാംഗുലിയെ കുറിച്ച് ഇക്കാര്യം പറഞ്ഞത്.
''ട്വന്റി 20-യിൽ ക്യാപ്റ്റനെന്ന നിലയിൽ നിങ്ങൾക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കാൻ സാധിക്കണം. മാത്രമല്ല നിങ്ങളുടെ കളി ഈ ചെറിയ ഫോർമാറ്റിന് യോജിക്കുകയും വേണം. അതിനാലാണ് അന്ന് ഗാംഗുലിയുമായി സംസാരിക്കേണ്ടി വന്നത്. അദ്ദേഹം ഈ ഫോർമാറ്റിന് യോജിച്ച ആളാണെന്ന കാര്യത്തിൽ എനിക്ക് വിശ്വാസമില്ല. ക്യാപ്റ്റൻസിയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ.'' - മുൻ ഓസ്ട്രേലിയൻ പരിശീലകൻ കൂടിയായ ബുക്കാനൻ പറഞ്ഞു.
കൊൽക്കത്തയുടെ പരിശീലകനായിരിക്കെ ക്യാപ്റ്റൻസി വേർതിരിച്ച് നൽകിയത് നല്ല തീരുമാനമാണെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും ബുക്കാനൻ പറഞ്ഞു.
Content Highlights: Sourav Ganguly was not suited to T20 format Former KKR coach John Buchanan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..