
Photo: twitter.com
മുംബൈ: ഡിസംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഒരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്.
ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി, താനും ബോര്‍ഡും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് തുറന്നടിച്ചിരുന്നു. ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും അപ്രതീക്ഷിതമായി തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ചുമെല്ലാം കോലി വാര്‍ത്താസമ്മേളനത്തിനിടെ തുറന്നടിച്ചിരുന്നു.
അന്ന് കോലി നടത്തിയ ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഗാംഗുലി, താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനൊരുങ്ങിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സെക്രട്ടറി ജയ് ഷാ ഇടപെട്ട് ഗാംഗുലിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ ശേഷം ഈ നീക്കം തടയുകയായിരുന്നു.
ബോര്‍ഡിന്റെ നീക്കം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ മോശമായി ബാധിക്കാതിരിക്കാനാണ് ജയ് ഷാ ഈ വിഷയത്തില്‍ ഇടപെട്ടത്.
കോലിയുടെ തുറന്നുപറച്ചിലുകള്‍
ചീഫ് സെലക്ടറും മറ്റു സെലക്ഷന് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നുമായിരുന്നു കോലി ഡിസംബറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് ചീഫ് സെലക്ടര്‍ തന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. അതിനുശേഷം ഫോണ്‍ കോള്‍ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ താന്‍ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടര്‍മാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടര്‍ അറിയിച്ചു.
താനും രോഹിതും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും വയ്യ. ടീമിനെ തളര്‍ത്തുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കോലി പറഞ്ഞിരുന്നു.
ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചപ്പോള്‍ തന്നോട് ആരും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടില്ലെന്നും വാര്‍ത്താ സമ്മേളനത്തിനിടെ കോലി വ്യക്തമാക്കിയിരുന്നു. കോലിയുടെ ഈ പ്രസ്താവന ഈ വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകളെ തള്ളുന്നതായിരുന്നു.
കോലിയോട് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറരുതെന്ന് തങ്ങള്‍ അഭ്യര്‍ഥിച്ചുവെന്നും താരം അത് കേട്ടില്ലെന്നുമായിരുന്നു ഗാംഗുലി അതിന് മുമ്പ് പറഞ്ഞിരുന്നത്.
ഇതിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു.
Content Highlights: sourav ganguly wanted to send show cause notice to virat kohli
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..