കൊൽക്കത്ത: ഡിസംബറിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോവിഡ് കാലത്ത് ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയും ഇതാണ്. അതുകൊണ്ടുതന്നെ ഈ പരമ്പരയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഓസ്ട്രേലിയയിലെത്തുന്ന ഇന്ത്യൻ താരങ്ങൾ ക്വാറന്റെയ്നിൽ പ്രവേശിക്കേണ്ടിവരും. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയയിലെ ക്വാറന്റെയ്ൻ എങ്ങനെയായിരിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.

രണ്ടാഴ്ച്ച ക്വാറന്‍റീനില്‍ കഴിയേണ്ടിവരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതു താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ഗാംഗുലി പറയുന്നു. 'ഡിസംബറിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. രണ്ടാഴ്ച്ചയാണ് ക്വാറന്റെയ്നിൽ കഴിയേണ്ടത്. എന്നാൽ ഡിസംബർ ആകുമ്പോഴേക്ക് രണ്ടാഴ്ച്ചയെന്നത് കുറയുമെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയിൽ പോയി രണ്ടാഴ്ച്ച ഹോട്ടൽ റൂമിൽ ക്വാറന്റെയ്നിൽ കഴിയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതു താരങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കും', ഗാംഗുലി വ്യക്തമാക്കുന്നു.

ഒരു ഡേ/നൈറ്റ് ടെസ്റ്റ് ഉൾപ്പെടെ നാല് ടെസ്റ്റും മൂന്നു ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിൻഡീസ് ടീം രണ്ടാഴ്ച്ച ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നു. നിലവിൽ ഇരുടീമുകളും തമ്മിലുള്ള പരമ്പര നടക്കുകയാണ്. അതിനുശേഷം പാകിസ്താനുമായാണ് ഇംഗ്ലണ്ടിന്റെ പരമ്പര. നേരത്തെതന്നെ ഇംഗ്ലണ്ടിലെത്തിയ പാക് താരങ്ങൾ ഇപ്പോൾ ക്വാറന്റെയ്നിലാണ്.