മുംബൈ: ഇന്ത്യയുടെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍മാരും ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളുമായ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തമ്മില്‍ അഭിപ്രായ ഭിന്നത. കഴിഞ്ഞ നര്‍ഷം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തപ്പോഴുണ്ടായ അതേ അഭിപ്രായ ഭിന്നത തന്നെയാണ് ഈ വര്‍ഷവും അറരങ്ങേറിയത്.
രവി ശാസ്ത്രിക്ക് സച്ചിന്റെ പിന്തുണ ലഭിച്ചപ്പോള്‍ ഗാംഗുലിക്ക് ശാസ്ത്രി പരിശീലകനായി വരുന്നതില്‍ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. തിങ്കളാഴ്ച്ച നടന്ന അഭിമുഖത്തിനിടയില്‍ ഗാംഗുലിയും രവി ശാസ്ത്രിയും തമ്മില്‍ വാക്കേറ്റവുമുണ്ടായി. രവി ശാസ്ത്രി പരിശീലകനാകുകയാണെങ്കില്‍ ലഭിക്കുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിനെച്ചൊല്ലിയാണ് ഗംഗുലിയും രവി ശാസ്ത്രിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.
സപ്പോര്‍ട്ടിങ് സ്റ്റാഫിനെ രവി ശാസ്ത്രിയുടെ താത്പര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാന്‍ പറ്റില്ലെന്നും ബൗളിങ് പരിശീലകനായി സഹീര്‍ ഖാന്‍ വരണമെന്നുമായിരുന്നു ഗാംഗുലിയുടെ നിലപാട്. എന്നാല്‍ താന്‍ ഡയറക്ടറായിരുന്ന സമയത്ത് ബൗളിങ് പരിശീലകനായിരുന്ന ഭാരതി അരുണിനെ തിരിച്ചുകൊണ്ടുവരണമെന്നാണ് രവി ശാസ്ത്രിയുടെ താത്പര്യം.
തുടര്‍ന്ന് സഹീര്‍ ഖാനെ ബൗളിങ് പരിശീലകനായി കൊണ്ടുവരുന്ന കാര്യം ഗാംഗുലി ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിച്ചു. എന്നാല്‍ കോലി അത്ര താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. താല്‍ക്കാലികാടിസ്ഥാനത്തില്‍ സഹീര്‍ ഖാനെ നിയമിക്കാമെന്ന് സമ്മതിച്ച കോലി, പക്ഷേ പരിഗണന നല്‍കുന്നത് ഭാരതി അരുണിന് തന്നെയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ലക്ഷ്മണ്‍ ആരോടൊപ്പം നിന്നു എന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല. അപേക്ഷകരില്‍ ഒരാളായ ടോം മൂഡിയുമായി ലക്ഷ്മണിന് അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും രവി ശാസ്ത്രിയെ പിന്തുണക്കേണ്ടി വന്നുവെന്നാണ് സൂചന.
അനില്‍ കുംബ്ലെയെ പരിശീലകനായി തിരഞ്ഞെടുത്ത സമയത്തും ഇത്തരത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അന്നു കുംബ്ലെയെ ഗാംഗുലി പിന്തുണച്ചപ്പോള്‍ സച്ചിന്‍ രവി ശാസ്ത്രിക്ക് വേണ്ടി നിലകൊണ്ടു. എന്നാല്‍ ഉപദേശക സമിതിയിലെ മൂന്നാമംഗമായ ലക്ഷ്മണ്‍ കുംബ്ലെയെ പിന്തുണച്ചതോടെ രവി ശാസ്ത്രിയുടെ അവസരം നഷ്ടപ്പെടുകായിയിരുന്നു.