കൊൽക്കത്ത: ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതാണ് കരിയറിലെ ഏറ്റവും വലിയ തിരച്ചടിയെന്നും ആ തീരുമാനം എല്ലാ അർഥത്തിലും അനീതി ആയിരുന്നെന്നും മുൻ ക്യാപ്റ്റനും നിലവിൽ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നിൽ ഗ്രെഗ് ചാപ്പൽ മാത്രമല്ലെന്നും വേറേയും കൈകളുണ്ടെന്നും ഗാംഗുലി പറയുന്നു. ബംഗാളി മാധ്യമം സങ്ക്ബദ് പ്രതിദിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗാംഗുലി.

'എന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. എന്നോടുചെയ്ത അനീതി. എല്ലാ സമയത്തും നമുക്ക് നീതി കിട്ടണമെന്നില്ല. എന്നാലും അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. സിംബാബ്വെ പര്യടനത്തിൽ വിജയിച്ചു ടീമിനൊപ്പം നാട്ടിലെത്തിയപ്പോഴേക്കും എന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 2007 ലോകകപ്പ് ഇന്ത്യക്കായി വിജയിക്കുന്നത് ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്നു. അതിനു മുമ്പത്തെ ലോകകപ്പിൽ ഫൈനലിൽ തോറ്റതിന്റെ നിരാശയും സങ്കടവും ആ സ്വപ്നത്തിന് പിന്നിലുണ്ടായിരുന്നു. വേറേയും കാരണങ്ങളുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി നാട്ടിലും വിദേശത്തും എന്റെ ക്യാപ്റ്റൻസിയിൽ ടീം മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിരുന്നത്. എന്നിട്ടും എന്നെ അപ്രതീക്ഷിതമായി ടീമിൽ നിന്ന് പുറത്താക്കി. ആദ്യം ഏകദിന ടീമിൽ ഇല്ല എന്നു പറഞ്ഞു. പിന്നീട് ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കി.' ഗാംഗുലി വ്യക്തമാക്കുന്നു.

ഇതിനെല്ലാം തുടക്കമിട്ടത് ഇന്ത്യയുടെ പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലാണെന്നും ഗാംഗുലിക്കെതിരായി ബി.സി.സി.ഐയ്ക്ക് ചാപ്പൽ അയച്ച ഇ-മെയിലാണ് ടീമിൽ നിന്ന് പുറത്താകാൻ കാരണമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടുന്നു.

'ഗ്രെഗ് ചാപ്പലിനെ മാത്രം കുറ്റപ്പെടുത്താൻ ഞാനില്ല. അദ്ദേഹമാണ് ഇതിനെല്ലാം തുടക്കമിട്ടത് എന്നത് സത്യം തന്നെയാണ്. അദ്ദേഹം എനിക്കെതിരേ ബോർഡിന് ഇ-മെയിൽ അയക്കുകയായിരുന്നു. അതു പിന്നീട് ചോർന്നു. ക്രിക്കറ്റ് ടീം എന്നു പറയുന്നത് ഒരു കുടുംബം പോലെയാണ്. അവിടെ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. ചിലപ്പോൾ തെറ്റിദ്ധാരണകളുമുണ്ടാകും. എന്നാൽ ഇതെല്ലാം സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണ്. നിങ്ങൾ കോച്ചാണെങ്കിൽ ഞാൻ കളിയുടെ സ്റ്റൈൽ മാറ്റണമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അക്കാര്യം നിങ്ങൾ എന്നോട് വന്നു പറയണം. കളിക്കാരനായി തിരിച്ചെത്തിയപ്പോൾ ആ കാര്യങ്ങൾ ചാപ്പൽ എന്നോടു പറഞ്ഞു. എന്നാൽ ആദ്യമേ എന്തുകൊണ്ട് അതുണ്ടായില്ല?

ഇതിൽ ഗ്രെഗ് ചാപ്പൽ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. വേറേയും കൈകളുണ്ടെന്ന് എനിക്കറിയാം. ടീം സെലക്ഷനിൽ അഭിപ്രായം പറയാനാവാത്ത ഒരു വിദേശ പരിശീലകന് ക്യാപ്റ്റനെ പുറത്താക്കാനാകില്ല. മുഴുവൻ സിസ്റ്റത്തിന്റേയും പിന്തുണ അതിന് ആവശ്യമാണ്. എന്നെ പുറത്താക്കാൻ എല്ലാവരും ഒരുമിച്ചുനിന്നു. എന്നാൽ ആ സമ്മർദ്ദത്തിൽ ഞാൻ തകർന്നില്ല. എന്നിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതുമില്ല. ഗാംഗുലി വെളിപ്പെടുത്തുന്നു.

2005-ൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ ഗാംഗുലി 2006-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലൂടെ തിരിച്ചെത്തി. 2008-ൽ നാഗ്പുരിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിന് ശേഷം ഗാംഗുലി വിരമിക്കൽ പ്രഖ്യാപിച്ചു. 311 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ചുറികളുടെ പിൻബലത്തിൽ ഗാംഗുലി 11363 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. 113 ടെസ്റ്റിൽ നിന്ന് 42.17 ശരാശരിയിൽ 7212 റൺസും ഗാംഗുലിയുടെ അക്കൗണ്ടിലുണ്ട്. ഇതിൽ 16 സെഞ്ചുറിയും ഉൾപ്പെടുന്നു.

Content Highlights: Sourav Ganguly reveals how he was dropped from Indian team Greg Chappell