മുംബൈ: വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയലേറ്റ രവി ശാസ്ത്രിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. അനില്‍ കുംബ്ലെയുടെ രാജിവിവാദവും തുടര്‍ന്ന് വിരാട് കോലിയുടെ താത്പര്യവുമാണ് രവി ശാസ്ത്രിയെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തെത്തിച്ചത്. എന്നാല്‍ ശാസ്ത്രിയുടെ ഇനിയുള്ള യാത്ര കാഠിന്യമേറിയതായിരിക്കും. ഒരുവശത്ത് ഇന്ത്യന്‍ ആരാധകരുടെ താത്പര്യത്തിന് വിരുദ്ധമായി പരിശീലകനായതിന്റെ സമ്മര്‍ദവും മറുവശത്ത് ക്രിക്കറ്റ് ഉപദേശക സമിതിയംഗമായ സൗരവ് ഗാംഗുലിക്കുള്ള എതിര്‍പ്പും രവി ശാസ്ത്രിയുടെ പാത കഠിനമാക്കും.
അത് വ്യക്തമാക്കുന്നതാണ് ബൗളിങ് പരിശീലകനെന്ന നിലയില്‍ സഹീര്‍ ഖാന്റെ നിയമനവും വിദേശ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ് കണ്‍സൾട്ടന്റ് എന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തതും. ഇന്ത്യന്‍ ടീമിനെയൊന്നാകെ രവി ശാസ്ത്രിയുടെയും വിരാട് കോലിയുടെയും താത്പര്യത്തിലേക്ക് കൊണ്ടുവരാന്‍ ഗാംഗുലി ഒരുക്കമല്ലെന്നതിന്റെ സൂചനയാണിത്.
സാധാരണഗതിയില്‍ പ്രധാന പരിശീലകന്റെ താത്പര്യത്തിനനുസരിച്ചാകും സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കുക. ഗ്രെഗ് ചാപ്പലും ഗാരി കേസ്റ്റണും ഡങ്കന്‍ ഫ്ലെച്ചറും ഇന്ത്യന്‍ ടീമിന്റെ പരിശീലകരായിരുന്നപ്പോള്‍ അവര്‍ നിര്‍ദേശിച്ച വ്യക്തികളെയാണ് ബി.സി.സി.ഐ സപ്പോര്‍ട്ടിങ് സ്റ്റാഫായി തിരഞ്ഞെടുത്തത്. ചാപ്പലിനൊപ്പം ഫ്രെയ്‌സറാണുണ്ടായിരുന്നതെങ്കില്‍ കേസ്റ്റന്റെ കൂടെ പാഡി അപ്‌ടണും എറിക് സിംസണുമാണുണ്ടായിരുന്നത്. ട്രെവര്‍ പെന്നിയെ ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ചായി കൊണ്ടുവന്നത് ഡങ്കന്‍ ഫ്ലെച്ചറാണ്.
Overseas tours is where the challenge lies. If Dravid batting 'consultant' and Zaheer bowling coach, is Shastri more "team director" again?
— Harsha Bhogle (@bhogleharsha) 11 July 2017
അതുപോലെ താന്‍ ടീം ഡയ്‌റക്ടറായിരുന്ന 2014-16 കാലഘട്ടത്തില്‍ കൂടെയുണ്ടായിരുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫ് ഭരത് അരുണിനെ തിരിച്ചുകൊണ്ടുവരാനായിരുന്നു ശാസ്ത്രി ശ്രമിച്ചത്. എന്നാല്‍ ഗാംഗുലി അതിന് ഒരുക്കമായിരുന്നില്ല. അഭിമുഖത്തിനിടയില്‍ ഇക്കാര്യം പറഞ്ഞ് ഗാംഗുലിയും രവി ശാസ്ത്രിയും വാക്കുതര്‍ക്കവുമുണ്ടായി. സഹീര്‍ ഖാനെ ബൗളിങ് പരിശീലകനാക്കണമെന്നായിരുന്നു ഗാംഗുലിയുടെ വാദം. തുടര്‍ന്ന് വിരാട് കോലിയുമായുള്ള ചര്‍ച്ചക്കിടയിലും ഗാംഗുലി സഹീര്‍ ഖാന്റെ കാര്യം ഉന്നയിച്ചു. എന്നാല്‍ രവി ശാസ്ത്രിയുടെ അതേ നിലപാട് സ്വീകരിച്ച കോലി തനിക്ക് താത്പര്യം ഭരത് അരുണിനെയാണെന്ന് പറഞ്ഞതായാണ് സൂചന.
പക്ഷേ ഇവിടെ ഗാംഗുലിയുടെ നിലപാടാണ് വിജയിച്ചത്. രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചതിനോടൊപ്പം സഹീര്‍ ഖാനെ ബൗളിങ് കോച്ചായി കൊണ്ടുവരാനും ഗാംഗുലിക്ക് സാധിച്ചു. സഹീറിനെ കൊണ്ടുവന്നില്ലെങ്കില്‍ രവി ശാസ്ത്രിയെ പരിശീലകനാക്കാന്‍ പിന്തുണക്കില്ലെന്ന് ഗാംഗുലി വാശി പിടിച്ചതോടെയാണ് പരിശീലകനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയതെന്നും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ ഗാംഗുലിയുടെയും രവി ശാസ്ത്രിയുടെയും താത്പര്യം ഒരുപോലെ പരിഗണിച്ച് സച്ചിന്‍ തെണ്ടുല്‍ക്കറാണ് പ്രശ്‌നം പരിഹരിച്ചത്.
UPDATE: Mr. Rahul Dravid is appointed as the Batting Consultant for overseas Test tours pic.twitter.com/mS1KcVI2Hh
— BCCI (@BCCI) 11 July 2017
രവി ശാസ്ത്രിയെ പരിശീലകനായ സാഹചര്യത്തില്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ ട്വീറ്റും പ്രസക്തമാണ്. വിദേശപര്യടനമാണ് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി. വിദേശത്ത് കളിക്കുമ്പോള്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റ് ആയി രാഹുല്‍ ദ്രാവിഡും ബൗളിങ് പരിശീലകനായി സഹീര്‍ ഖാനുമുള്ളപ്പോള്‍ രവി ശാസ്ത്രി വീണ്ടും ടീം ഡയറക്ടറായി മാറുമെന്നായിരുന്നു ഭോഗ്ലേയുടെ ട്വീറ്റ്, സഹീര്‍ ഖാന്റെ പെയ്‌സ് ബൗളിങ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ബി.സി.സി.ഐ കരുതുന്നത്. ഇതിനാലാണ് സഹീറിനെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെടുത്തതെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.
UPDATE: @ImZaheer is appointed as the Bowling Consultant of the India Cricket Team till ICC World Cup 2019 pic.twitter.com/DtOXce957Z
— BCCI (@BCCI) 11 July 2017
കഴിഞ്ഞ വര്‍ഷം അവസാന നിമിഷമാണ് ശാസ്ത്രി പരിശീലക സ്ഥാനത്ത് നിന്ന് തഴയപ്പെട്ടത്. അന്ന് ശാസ്ത്രിക്കാണ് എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നതെങ്കിലും അനില്‍ കുംബ്ലെ അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു. കുംബ്ലെക്ക് വേണ്ടി ഗാംഗുലിയും ലക്ഷ്മണും വാദിച്ചപ്പോള്‍ സച്ചിന്‍ മാത്രമാണ് രവി ശാസ്ത്രിയെ പിന്തുണച്ചത്. ഇതോടെ കുംബ്ലെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും അതേ അവസ്ഥ വരുമെന്ന് കരുതി രവി ശാസ്ത്രി പരിശീലകനുള്ള അപേക്ഷ നല്‍കാന്‍ താത്പര്യം കാണിച്ചില്ലെന്നും ഒടുവില്‍ സച്ചിന്റെ നിര്‍ബന്ധം മൂലമാണ് അപേക്ഷ നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.